ബെയ്ജിങ്: ചൈനീസ് സന്ദർശനത്തിന് അവസാനം തങ്ങൾക്ക് ലഭിച്ച ഉപഹാരങ്ങളും ഫോണുകളും അവിടെത്തന്നെ ഉപേക്ഷിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും മടങ്ങിയത്. ചൈനയിൽനിന്ന് ലഭിച്ച സുവനീറുകളോ സമ്മാനങ്ങളോ ഒന്നും വൈറ്റ് ഹൗസ് ജീവനക്കാരും അമേരിക്കൻ മാധ്യമപ്രവർത്തകരും അടങ്ങിയ സംഘം അമേരിക്കയിലേക്ക് കൊണ്ടുപോയില്ല. ലഭിച്ച സമ്മാനങ്ങളെല്ലാം മടക്കയാത്രയ്‌ക്കൊരുക്കിയിരുന്ന എയർഫോഴ്‌സ് വൺ എയർക്രാഫ്റ്റിന് സമീപത്തെ മാലിന്യക്കുട്ടയിൽ നിക്ഷേപിച്ചെന്നാണ് റിപ്പോർട്ട്.
ചൈനീസ് ഉപകരണങ്ങളിലൂടെയും സമ്മാനങ്ങളിലൂടെയും തങ്ങളുടെ വിവരങ്ങൾ ചോർത്താനും നിരീക്ഷിക്കാനും (Cyber Espionage) സാധ്യതയുണ്ടെന്ന കടുത്ത സുരക്ഷാ മുൻകരുതലുകളെയും ചാരപ്പേടിയെയും തുടർന്നാണ് ഈ അസാധാരണ നടപടി. ചൈന നൽകുന്ന സമ്മാനങ്ങളിൽ രഹസ്യ ക്യാമറകളോ ഓഡിയോ റെക്കോർഡിങ് ചിപ്പുകളോ ഉണ്ടായേക്കാമെന്ന ആശങ്കയാണ് കാരണം.
ചൈനീസ് സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ അവിടെനിന്ന് ലഭിച്ചയെല്ലാം ഉപേക്ഷിച്ചു മടങ്ങുക എന്നത് കാലങ്ങളായി അമേരിക്ക പിന്തുടർന്നുവരുന്ന രീതിയാണ്. എന്നാൽ, ഇക്കുറി അത് പരസ്യമായി ചെയ്തുെന്നുമാത്രം. മുൻപ് 2023-ൽ ബീജിങ്ങിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥന് സമ്മാനമായി ലഭിച്ച ചായക്കീറ്റിൽനിന്ന് (Tea set) രഹസ്യ നിരീക്ഷണ ഉപകരണം കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈന നൽകിയ ഉപഹാരങ്ങൾ വിമാനത്താവളത്തിൽ തന്നെ ഉപേക്ഷിക്കാൻ ട്രംപും സംഘവും തീരുമാനിച്ചത്.

