നെതർലാൻഡ്‌സിലെ ലൈഡൻ സർവ്വകലാശാലയിൽ നിന്ന് ചോള കാലഘട്ടത്തിലെ ചരിത്രപ്രധാനമായ ‘ലൈഡൻ’ ചെമ്പ് ഫലകങ്ങൾ (Leiden Copper Plates) കേന്ദ്ര സർക്കാർ വീണ്ടെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശന വേളയിലാണ് ഈ അപൂർവ്വ ചരിത്രരേഖകൾ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. പതിനൊന്നാം നൂറ്റാണ്ടിലെ ചോള ഭരണകാലത്തെക്കുറിച്ചുള്ള ഏറ്റവും നിർണ്ണായകമായ ചരിത്രരേഖകളാണിത്. ഈ ശേഖരത്തിൽ ആകെ രണ്ട് ഭാഗങ്ങളിലായി 24 ഫലകങ്ങളുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജകീയ മുദ്രയുള്ള വെങ്കല വളയത്തിൽ കോർത്ത 21 വലിയ ചെമ്പ് ഫലകങ്ങളും കുലോത്തുംഗ ചോളൻ ഒന്നാമന്റെ (1070–1120) മുദ്രയുള്ള 3 ചെറിയ ചെമ്പ് ഫലകങ്ങളും ഇതിൽ ഉൾപ്പെടുന്നു. തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലാണ് ഈ ഫലകങ്ങളിൽ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചോള രാജാക്കന്മാരുടെ വംശാവലിയും ഉൾപ്പെടുന്നു.
ഇന്ത്യയുടെ അഭിമാനകരമായ ചോള സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുന്നതിൽ ചരിത്രപരമായ നേട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവരിച്ചിരിക്കുന്നത്. ചോള രാജവംശത്തിൻ്റെ സമുദ്ര പാരമ്പര്യത്തിൻ്റെയും ഭരണനൈപുണ്യത്തിൻ്റെയും തെളിവുകളായ പവിത്രമായ നാഗൈ (ലൈഡൻ) ചെമ്പ് ഫലകങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള വിജയകരമായ ശ്രമം നമ്മുടെ നാഗരിക വേരുകളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഒരിക്കൽ കൂടി അടിവരയിടുന്നു. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു പുരാവസ്തു കൈമാറ്റമല്ല, മറിച്ച് ആത്മീയവും ചരിത്രപരവുമായ ഒരു പുനഃസമാഗമമാണ്.
രാജേന്ദ്ര ചോളൻ ഒന്നാമൻ്റെ രാജകീയ മുദ്രയുള്ള 21 ചെമ്പ് ഫലകങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ‘രാജകീയ ചാർട്ടർ’, ചോള കാലഘട്ടത്തിലെ ഏറ്റവും നിർണ്ണായകമായ ചരിത്രരേഖകളിൽ ഒന്നാണ്. തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിൽ കൊത്തിവെച്ചിട്ടുള്ള ഈ ഫലകങ്ങളിൽ ചോള വംശപരമ്പര, ഭരണസംവിധാനം, രാജവംശത്തിൻ്റെ സ്‌മരണകൾ എന്നിവയെക്കുറിച്ചുള്ള അമൂല്യമായ വിവരങ്ങളുണ്ട്. ചോളർക്ക് ശ്രീവിജയ സാമ്രാജ്യവുമായും (ഇന്നത്തെ ഇന്തോനേഷ്യ ഉൾപ്പെടുന്ന പ്രദേശം) വിശാലമായ ഇന്ത്യൻ മഹാസമുദ്ര ലോകവുമായും ഉണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ഈ ഫലകങ്ങൾ വെളിപ്പെടുത്തുന്നു.
തമിഴ്‌നാട്ടിലെ നാഗപട്ടണത്തുള്ള ‘ചൂഢാമണിവർമ്മ വിഹാരം’ എന്ന ബുദ്ധമത സന്യാസിമഠത്തിന്, രാജരാജ ചോളൻ ഒന്നാമന്റെ ഭരണകാലത്ത് (985–1012 എ.ഡി) ‘ആനൈമംഗലം’ എന്ന ഗ്രാമവും സമീപ പ്രദേശങ്ങളും ദാനമായി നൽകിയതിന്റെ ഔദ്യോഗിക രേഖകളാണിത്. പിന്നീട് രാജേന്ദ്ര ചോളൻ ഒന്നാമന്റെ ഭരണകാലത്താണ് ഇത് ചെമ്പ് ഫലകങ്ങളിലേക്ക് പകർത്തി ഔദ്യോഗിക മുദ്ര പതിപ്പിച്ചത്.
ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ ഫ്ലോറെന്റിയസ് കാമ്പർ ആണ് ഈ ഫലകങ്ങൾ ഇന്ത്യയിൽ നിന്ന് നെതർലാൻഡ്‌സിലേക്ക് കൊണ്ടുപോയത്. പിന്നീട് 1862-ൽ ഈ ഫലകങ്ങൾ ലൈഡൻ സർവ്വകലാശാലാ ലൈബ്രറിക്ക് (Leiden University Library) കൈമാറുകയും അവിടെ സൂക്ഷിച്ചുവരികയുമായിരുന്നു.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങൾ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2012 മുതൽ ഇന്ത്യ ഈ ഫലകങ്ങൾക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് 2023 ഒക്ടോബറിൽ യുനെസ്‌കോയുടെ (UNESCO) സമിതി ഇന്ത്യയുടെ ആവശ്യത്തിന് അംഗീകാരം നൽകി. തുടർന്ന് ഡച്ച് നാഷണൽ കൊളോണിയൽ കളക്ഷൻസ് കമ്മിറ്റിയുടെ ശുപാർശയോടെ ലൈഡൻ സർവ്വകലാശാല ഇവ ഇന്ത്യയ്ക്ക് തിരികെ നൽകാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും പങ്കെടുത്ത ഔദ്യോഗിക ചടങ്ങിലാണ് ഈ അപൂർവ്വ പൈതൃക രേഖകൾ ഇന്ത്യൻ സർക്കാരിന് (Government of India) കൈമാറിയത്.

