കണ്ണൂര്‍: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകളില്‍ കേസെടുത്ത് പൊലീസ്. പള്ളി വികാരിയുടെ പരാതിയിലാണ് കേസ്. കല്ലറ തുറന്ന് പരിശോധിക്കാനും തീരുമാനമായി. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പള്ളി അധികൃതരും പങ്കെടുത്ത യോഗത്തിന് ശേഷമാണ് കല്ലറ തുറക്കാനുള്ള തീരുമാനത്തിലെത്തിയത്. ആര്‍ഡിഒയുടെ അനുമതി ലഭിച്ചാലുടന്‍ കല്ലറ തുറന്ന് പരിശോധന ആരംഭിക്കുമെന്നാണ് വിവരം.
10 ദിവസം മുൻപ് മറ്റൊരു സംസ്കാരത്തിനായി ആ കല്ലറ തുറന്നതോടെയാണ് എല്ലാത്തിന്‍റെയും തുടക്കം. ജൂൺ 13 ശനിയാഴ്ച. അന്നായിരുന്നു കേരള- കർണാടക അതിർത്തിയിലുള്ള വാണിയപ്പാറ പള്ളിയിലെ 38-ആം നമ്പർ കല്ലറ തുറന്നത്. സംസ്കാര ചടങ്ങുകൾക്കായി കല്ലറ തുറന്നവർ ഞെട്ടി. അതിനുള്ളിൽ രണ്ട് മൃതദേഹം. ഒന്ന് ശവപ്പെട്ടിയിലും മറ്റൊന്ന് പായയിൽ പൊതിഞ്ഞ നിലയിലും. പായയിൽ പൊതിഞ്ഞ് സംസ്കാരം നടത്തുന്ന പതിവില്ല. പിന്നെങ്ങനെ ഇതവിടെ വന്നു. പള്ളി വികാരിയുടെ പരാതിയിൽ പൊലീസെത്തി.
2019-ൽ സെമിത്തേരി നവീകരിച്ചിരുന്നു. അന്ന് കല്ലറകളുടെ നമ്പറിൽ മാറ്റം വന്നു. അന്നത്തെ 23-ആം നമ്പർ കല്ലറ 38 ആയി. അങ്ങനെ വന്ന ആശയക്കുഴപ്പമാണ് കാരണമെന്നും രണ്ട് മൃതദേഹവും അതിൽ തന്നെ സംസ്കരിച്ചതാകാമെന്നും പൊലീസ് നിഗമനത്തിലെത്തി. സംസ്കാര ചടങ്ങുകളുടെ ഫോട്ടോഗ്രാഫുകൾ വച്ചായിരുന്നു സ്ഥിരീകരണം. അങ്ങനെയെങ്കിൽ കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടാകാം എന്നായി പള്ളി വികാരിയുടെ സംശയം. കല്ലറ തുറന്ന് പരിശോധിക്കണമെന്നും വ്യക്തത വരുത്തണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.
അങ്ങനെയിരിക്കെയാണ് 2020-ൽ കാണാതായ കുറ്റ്യാടി സ്വദേശി സിജോ സ്കറിയ എന്ന യുവാവിന്‍റെ കുടുംബം വീണ്ടും പൊലീസിൽ പരാതി നൽകുന്നത്. സിജോയെ 6 വർഷം മുൻപ് കാണാതായത് ഇതേ വാണിയപ്പാറയിൽ വെച്ചാണ്. അജ്ഞാത മൃതദേഹം ഇനി സിജോയുടേതാണോ. കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് വിലങ്ങാട് വാളൂക്കിനു സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്‌കറിയയുടെ മകൻ സിജോയുടെ മൃതദേഹമെന്ന സംശയത്തിൽ ബന്ധുക്കൾ രംഗത്തെത്തിയതോടെ പ്രശ്‌നം വീണ്ടും കുഴഞ്ഞു.
2014-ലാണ് സിജോയെ കാണാതായത്. സിജോ വിവാഹം കഴിച്ചത് വാണിയപ്പാറയിൽ നിന്നാണ്. കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ലെന്നാണു 2021-ൽ ഭാര്യ നിഖില മൊഴി നൽകിയത്. സിജോയുടെ തിരോധാനം സംബന്ധിച്ചു ബന്ധുക്കൾ 7 വർഷം കഴിഞ്ഞാണു കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്. സിജോയുടെ അമ്മ ത്രേസ്യാമ്മയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തെങ്കിലും സിജോയെ കണ്ടെത്തിയില്ല. അന്വേഷണ പുരോഗതിയൊന്നും ഇല്ലാതിരിക്കുന്നതിനിടയിലാണു കഴിഞ്ഞ ദിവസം കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിലെ വസ്‌തു കണ്ടെത്തിയത്. ഇതോടെ മൃതദേഹം സിജോയുടേതാണോ എന്ന സംശയത്തിൽ ബന്ധുക്കൾ രംഗത്തെത്തി. സിജോയുടെ ഭാര്യാ സഹോദരൻ ബിനോയിയാണ് വാണിയപ്പാറ പള്ളിയിലെ കൈക്കാരൻ. സംശയങ്ങളും ദുരൂഹതയും ശക്തമായതോടെ കല്ലറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.
6 വർഷം മുൻപ് ഇതേ പ്രദേശത്തുനിന്ന് സിജോ എന്ന യുവാവിനെ കാണാതായ സംഭവവുമായി ഇതിന് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കല്ലറ തുറന്ന് പരിശോധിക്കുന്നതിനായി പോലീസ് ആർ.ഡി.ഒ-യുടെ (RDO) അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിച്ചാലുടൻ ശാസ്ത്രീയമായ പരിശോധനകൾ ആരംഭിക്കും.

