പ്രമുഖ ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ‘ക്രെഡ്’ (CRED) സ്ഥാപകൻ കുനാൽ ഷാ വാട്‌സ്ആപ്പിന്റെ പുതിയ ഗ്ലോബൽ മേധാവിയായി (CEO) ചുമതലയേൽക്കുന്നു. വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റാ (Meta), ക്രെഡ് കമ്പനിയിൽ 900 മില്യൺ ഡോളർ (ഏകദേശം 8,550 കോടി രൂപ) നിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് ഈ വൻ നേതൃമാറ്റം. കഴിഞ്ഞ ഏഴ് വർഷമായി വാട്ട്സ്ആപ്പ് തലവനായിരുന്ന വിൽ കാത്കാർട്ടിന് (Will Cathcart) പകരമാണ് അദ്ദേഹം ചുമതലയേയേൽക്കുന്നത്.
ഒരു പ്രമുഖ ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകൻ ആഗോള ടെക് ഭീമന്റെ തലപ്പത്തേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, യൂട്യൂബിന്റെ നീൽ മോഹൻ എന്നിവർക്ക് പിന്നാലെ ആഗോളതലത്തിൽ ശ്രദ്ധേയനായ മറ്റൊരു ഇന്ത്യൻ പ്രതിഭ കൂടി ലോകത്തെ ഏറ്റവും വലിയ മെസ്സേജിംഗ് ആപ്പിന്റെ തലപ്പത്തേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രമുഖ ഫിനാൻഷ്യൽ സ്ഥാപനമായ ക്രെഡിന്റെ സ്ഥാപകനായിരുന്നു മുംബൈ സ്വദേശിയായ 47കാരൻ കുനാൽ ഷാ. 2018-ൽ കുനാൽ ഷാ സ്ഥാപിച്ച ക്രെഡ് വഴിയാണ് ഇന്ത്യയിലെ നാൽപ്പത് ശതമാനം ക്രെഡിറ്റ് കാർഡ് ബില്ലുകളും കൈകാര്യം ചെയ്യപ്പെടുന്നത്. ഒരു കോടി എഴുപത് ലക്ഷം മെമ്പർമാരുണ്ടെന്നാണ് കമ്പനി അവകാശവാദം. പുതിയ നിക്ഷേപത്തോടെ ക്രെഡിൻ്റെ ആകെ മൂല്യം നാൽപ്പത്തിമൂവായിരം കോടിയായി ഉയർന്നു. കുനാൽ ഷായുടെ നിയമനത്തിനൊപ്പം CRED-ന്റെ 20% ഓഹരികൾ മെറ്റാ സ്വന്തമാക്കും. എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ മെറ്റായ്ക്ക് കൈമാറില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ (500 മില്യണിലധികം ഉപഭോക്താക്കൾ) ഡിജിറ്റൽ പേയ്‌മെന്റുകൾ, ബിസിനസ് മെസ്സേജിംഗ് എന്നിവ ശക്തിപ്പെടുത്തുകയാണ് മെറ്റാ ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുനാൽ ഷാ വാട്‌സ്ആപ്പിലേക്ക് മാറുന്നതോടെ ക്രെഡ് കമ്പനിയുടെ ഇടക്കാല സിഇഒ ആയി കമ്പനിയുടെ സ്ട്രാറ്റജി വിഭാഗം തലവൻ മിതൻ സമ്പത്ത് (Miten Sampat) ചുമതലയേൽക്കും. ഇന്ത്യൻ സിഇഒയ്ക്ക് വഴിയൊരുക്കാൻ കഴിഞ്ഞ ഏഴ് വർഷമായി വാട്സാപ്പിനെ നയിക്കുന്ന നിലവിലെ മേധാവി വിൽ കാത്കാർട്ട് മെറ്റായിൽ തന്നെ തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ പുതിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് നേതൃത്വം നൽകും.

