ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ക്വാഡ് (Quad) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗം ഇന്നലെ (മേയ് 26-ന്) ന്യൂഡൽഹിയിൽ വെച്ച് നടന്നു. ആഗോള ഭൗമരാഷ്ട്രീയ തർക്കങ്ങളും വെല്ലുവിളികളും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തന്ത്രപ്രധാന കൂട്ടായ്‌മയായ ‘ക്വാഡ്’ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ന്യൂഡൽഹിയിൽ നടന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗി എന്നിവർ പങ്കെടുത്തു. അതിർത്തി കടന്നുള്ള ഭീകരവാദത്തെയും ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളെയും യോഗം ശക്തമായി അപലപിച്ചു. ഇന്ത്യയിലെ പഹൽഗാമിലും ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലും നടന്ന ഭീകരാക്രമണങ്ങളെ സംയുക്ത പ്രസ്‌താവനയിലൂടെ ക്വാഡ് തള്ളിക്കളഞ്ഞു.
ഹൈദരാബാദ് ഹൗസിൽ നടന്ന ചർച്ചയ്ക്ക് ശേഷം, ക്വാഡ് വെറുമൊരു ചർച്ചാവേദിയല്ലെന്നും മറിച്ച് കൃത്യമായ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു ‘കർമ്മവേദി’ ആയി മാറിയെന്നും നേതാക്കൾ വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി നിരവധി തന്ത്രപ്രധാനമായ സംയുക്ത സംരംഭങ്ങൾക്കാണ് യോഗം തുടക്കമിട്ടത്. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ശക്തമാക്കുന്നതിനായി പുതിയ ‘ഇന്തോ-പസഫിക് മാരിടൈം സർവേലൻസ് കൊളാബറേഷൻ’ പദ്ധതി പ്രഖ്യാപിച്ചു. ഇതുകൂടാതെ, ഇന്ത്യൻ സമുദ്ര മേഖലയിലെ വിവരങ്ങൾ തത്സമയം പങ്കുവെക്കാനായി ഒരു ‘കോമൺ ഓപ്പറേറ്റിങ് പിക്‌ചർ’ സംവിധാനവും വികസിപ്പിക്കും.
ഇതിന്റെ ഭാഗമായി വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഗുരുക്രാമിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ പ്രവർത്തിക്കും. നിർണ്ണായക ധാതുക്കളുടെയും അപൂർവ്വ മൂലകങ്ങളുടെയും വിതരണ ശൃംഖല സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ക്വാഡ് ചട്ടക്കൂടിന് യോഗം അംഗീകാരം നൽകി. ഇതിന് പുറമെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഈ മേഖലയിൽ പ്രത്യേക ഉഭയകക്ഷി കരാറിലും ഒപ്പുവെച്ചു. പസഫിക് ദ്വീപ് സമൂഹങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ഫിജിയിൽ ഒരു പൈലറ്റ് പോർട്ട് പ്രൊജക്റ്റിന് ക്വാഡ് രാജ്യങ്ങൾ സംയുക്തമായി തുടക്കം കുറിക്കും. പസഫിക് മേഖലയിൽ സുരക്ഷിതമായ അണ്ടർസീ കേബിളുകൾ സ്ഥാപിക്കുന്നതിനും ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകളും യോഗത്തിൽ നടന്നു.

