ദോഹ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിൻ്റെ 28 അംഗ പരിഷ്കരിച്ച പട്ടികയിൽ മലയാളി താരം തഹ്‌സിൻ മുഹമ്മദ് സ്ഥാനം നിലനിർത്തി. പരിശീലകൻ ജുലൻ ലോപറ്റെഗുയി ആദ്യം പ്രഖ്യാപിച്ച 35 അംഗ സാധ്യതാ പട്ടിക വെട്ടിച്ചുരുക്കിയാണ് ഇപ്പോൾ 28 പേരാക്കിയത്. അയർലൻഡിനെതിരെ നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തിന് ശേഷമാകും ലോകകപ്പിനുള്ള അന്തിമ 26 അംഗ ടീമിനെ ഖത്തർ പ്രഖ്യാപിക്കുക. ഈ അവസാന പട്ടികയിലും ഇടംപിടിച്ചാൽ ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡ് തഹ്‌സിൻ്റെ പേരിലാകും.
ഫിഫ നിയമപ്രകാരം ജൂണ്‍ രണ്ട് വരെയാണ് ലോകകപ്പ് ടീമുകളെ ഔദ്യോഗികമായി സമര്‍പ്പിക്കാനുള്ള അവസാന തീയതി. അയര്‍ലന്‍ഡുമായുള്ള മത്സരത്തിന് ശേഷം ജൂണ്‍ ആറിന് എല്‍ സാല്‍വദോറിനെതിരെയും ഖത്തറിന് സന്നാഹ മത്സരമുണ്ട്. നിലവിലെ മികച്ച ഫോം കണക്കിലെടുക്കുമ്പോൾ തഹ്സിൻ അന്തിമ സ്‌ക്വാഡിൽ ഉണ്ടാകുമെന്നാണ് ഫുട്ബോൾ ലോകത്തിൻ്റെ വിലയിരുത്തൽ.
ഖത്തറിൽ ചീഫ് അക്കൗണ്ടന്റ്റായ കണ്ണൂർ തലശ്ശേരി സ്വദേശി ജംഷിദിൻ്റെയും വളപട്ടണം സ്വദേശിനി ഷൈമയുടെയും മകനായ തഹ്സിൻ ജനിച്ചതും വളർന്നതും ഖത്തറിലാണ്. ചെറുപ്രായത്തിൽ തന്നെ കളിമികവ് തെളിയിച്ച താരം ഖത്തറിന്റെ ജൂനിയർ ടീമുകളിലൂടെയാണ് വളർന്നുവന്നത്. തൻ്റെ പതിനേഴാം വയസ്സിൽ ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈലിന് വേണ്ടി കളത്തിലിറങ്ങിയ തഹ്സിൻ, ഈ ലീഗിൽ പന്തുതട്ടുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന റെക്കോർഡ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഖത്തർ ദേശീയ ടീമിനായി അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകളിലും താരം മുൻപ് ബൂട്ട് കെട്ടിയിട്ടുണ്ട്. ലോകകപ്പ് വേദിയിൽ ഖത്തർ ജേഴ്‌സിയിൽ ഒരു മലയാളി അണിനിരക്കുന്ന സുദിനത്തിനായുള്ള കാത്തിരിപ്പിലാണ് കായികപ്രേമികൾ.

