ന്യൂഡൽഹി: ചൈന – പാക്ക് സംയുക്ത പ്രസ്‌താവനയ്ക്കെതിരെ ഇന്ത്യ. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും അതിൽ അഭിപ്രായം പറയാൻ മറ്റൊരു രാജ്യത്തിനും യാതൊരു അവകാശവുമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ചൈനയും പാക്കിസ്ഥാനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന പൂർണമായി ഇന്ത്യ തള്ളി. പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ ചൈന സന്ദർശനത്തിന് പിന്നാലെ പുറത്ത് വന്ന പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ.
കാശ്‌മീർ വിഷയം ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, ഉഭയകക്ഷി കരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നായിരുന്നു ബീജിങിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിലുണ്ടായിരുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതികളെ ഇന്ത്യ ശക്തമായി എതിർത്തു. പാക്കിസ്ഥാൻ്റെ നിയമ വിരുദ്ധവും ബലപ്രയോഗത്തിലൂടെ ഉള്ളതുമായ അധിനിവേശത്തെ ന്യായീകരിക്കാനോ ശക്തിപ്പെടുത്താനോ ഉള്ള മറ്റ് രാജ്യങ്ങളുടെ ഏതൊരു നീക്കത്തെയും രാജ്യം ചെറുക്കുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയേയും ബാധിക്കുന്ന ഈ വിഷയത്തിലെ ആശങ്കകൾ ചൈനയെയും പാക്കിസ്ഥാനെയും പല തവണ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതാണെന്നും അദേഹം കൂട്ടിച്ചേർത്തു.
സംയുക്ത പ്രസ്‌താവനയിലെ ‘അതിർത്തി കടന്നുള്ള ജലവിഭവ സഹകരണ‘ പരാമർശങ്ങളെയും ഇന്ത്യ പരിഹസിച്ചു. ചൈനയും പാക്കിസ്ഥാനും തമ്മിൽ നേരിട്ട് അതിർത്തി പങ്കിടുന്നില്ലെന്നിരിക്കെ, ഇത്തരമൊരു സഹകരണത്തെക്കുറിച്ചുള്ള ചോദ്യം പോലും ഉദിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ അനധികൃതമായി ചൈനയ്ക്ക് കൈമാറിയ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള 1963 ലെ പാക്-ചൈന അതിർത്തി കരാർ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

