സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഒരേ ഒരു തവണ മാത്രമേ ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളൂ. അത് എത്തിച്ചതാവട്ടെ രബീന്ദ്രനാഥ ടാഗോര്‍ എന്ന മഹാകവിയും; 1913-ൽ. കവി, കഥാകൃത്ത്, നാടകകൃത്ത്, തത്വചിന്തകന്‍, ചിത്രകാരൻ, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് എന്നിങ്ങനെ വിശേഷണങ്ങള്‍ക്ക് അതീതനാണ് രബീന്ദ്രനാഥ് ടാഗോർ… സ്മരണാഞ്ജലി!
എട്ടാമത്തെ വയസില്‍ കവിതയെഴുതാനാരംഭിച്ച ടാഗോര്‍ പതിനാറാമത്തെ വയസില്‍ ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. മൂവായിരത്തോളം കവിതകള്‍, നൂറോളം കവിതാസമാഹാരങ്ങള്‍, ആയിരത്തി നാനൂറോളം ഗാനങ്ങള്‍, അമ്പതിലേറെ നാടകങ്ങള്‍, നാല്പതിലധികം കഥാസമാഹാരങ്ങള്‍, നോവലുകള്‍, എണ്ണമറ്റ ലേഖനങ്ങള്‍, പതിനഞ്ചോളം ലേഖന സമാഹാരങ്ങള്‍ അങ്ങനെ വിപുലമായ സാഹിത്യലോകമാണ് ടാഗോറിന്റെതായി ഉള്ളത്……. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം.
ബാല്യകാലം മുതൽ സംഗീത തത്പ്പരനായിരുന്ന രബീന്ദ്രനാഥ് ആ കലയിൽ കാലക്രമേണ കൂടുതൽ പ്രാവീണ്യം ആർജിച്ചു. തന്റെ കവിതകളും ഗാനങ്ങളും ആലപിക്കാൻ സവിശേഷമായ ഒരു സംഗീത ശൈലി തന്നെ ഇദ്ദേഹം ആവിഷ്കരിച്ചു. ‘രബീന്ദ്ര സംഗീത്‘ എന്ന പേരിൽ അറിയപ്പെടുന്ന ആ ഗാനശൈലി ബംഗാളികൾ ഇന്നും ആദരപൂർവം കാത്തുസൂക്ഷിക്കുന്നു.
അറുപത്തിയെട്ടാം വയസില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ വരച്ചു.
രബീന്ദ്രനാഥ ടാഗോർ (ജനനം: 1861 മേയ് 7 – മരണം: 1941 ഓഗസ്റ്റ് 7), ‘ഗുരുദേവ്‘ എന്ന നാമത്തിൽ അറിയപ്പെട്ടിരുന്നു. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമനയ്ക്കു പുറമേ ശ്രീലങ്കയുടെ ദേശീയഗാനമായ ശ്രീലങ്ക മാതാ... എഴുതിയത് ടാഗോര്‍ ആണെന്നും അതല്ല അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആനന്ദ സമരങ്കൂണ്‍ എഴുതിയതാണെന്നുമുള്ള രണ്ടുപക്ഷം ഇപ്പോളും നിലനില്‍ക്കുന്നുണ്ട്. “അമര്‍ സോനാ ബംഗള” എന്നു തുടങ്ങുന്ന ബംഗ്‌ളാദേശ് ദേശീയഗാനവും പിറന്നത് ടാഗോറിന്റെ ഭാവനയിലാണ്….
മിസ്റ്റിക് കവിയായിരുന്ന ടാഗോർ, തൻ്റെ ഭാവനകളിലോ രചനകളിലോ യുക്തിയുക്തമായ ശാസ്ത്രീയ ചിന്തയെ കൈവിടുവാൻ അനുവദിച്ചില്ല. ശാസ്ത്രീയ അറിവാണ് ആധുനിക ലോകത്തിന്റെ അടിത്തറ എന്ന് ടാഗോർ വിശ്വസിച്ചു.
ഗാന്ധിജിയെ ‘മഹാത്മ‘ എന്ന് ആദ്യമായി വിളിച്ച ടാഗോർ പക്ഷേ, അശാസ്ത്രിയമായ നിലപാടുകൾ ഗാന്ധി സ്വീകരിച്ചപ്പോൾ, മഹാത്മജിയോട് ശക്തമായി കലഹിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ബീഹാർ ഭൂമികുലുക്കം ഉണ്ടായത് സമൂഹത്തിൽ നിലനിൽക്കുന്ന ‘തൊട്ടുകൂടായ്മ‘ ആചരിക്കുന്നതു കൊണ്ടാണെന്ന് ഗാന്ധി പറഞ്ഞപ്പോൾ ശക്തമായി എതിർത്തു. (ഒരു പക്ഷേ, ‘ദൈവനിശ്ചയ’ത്തിൻ്റെ പേരിൽ ഈ ഒരാചാരത്തെ ന്യായീകരിക്കുന്ന സവർണ്ണർക്ക് അതേ നാണയത്തിൽ മറുപടി നല്കിയതാകാം!) ടാഗോറിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഒരു പ്രകൃതി പ്രതിഭാസത്തെ ധാർമികതയുമായി കൂട്ടിക്കുഴക്കുന്നത് യുക്തി രഹിതവും അധാർമികവുമാണ്!”
അമർത്യ സെന്നിന്റെ ‘Home in the World’ എന്ന ആത്മകഥയിൽ, ടാഗോറിനെ സംബന്ധിച്ച് ഒരു കഥയുണ്ട്. ശാന്തിനികേതനിലെ കേടായ ചില ഡ്രയിനേജ് പൈപ്പുകൾ മാറ്റുന്നതിനു വേണ്ട ചിലവ് എങ്ങനെ സംഘടിപ്പിക്കും എന്ന ചർച്ചയിലായിരുന്നു അന്ന് രവീന്ദ്രനാഥ ടാഗോർ… (അന്ന് തീയതി 1913 നവംബർ 13)
അപ്പോഴാണ് അങ്ങോട്ട് വന്ന ഒരു ടെലിഗ്രാം ആരോ അദ്ദേഹത്തിന്റെ കൈവശം നൽകുന്നത്. ടെലഗ്രാമിൽ ശ്രദ്ധാപൂർവം നോക്കിയിട്ട് ടാഗോർ പറഞ്ഞു. “ഡ്രയിനേജ് പൈപ്പുകൾ മാറ്റാനുള്ള പണം ഇതാ കിട്ടിയിരിക്കുന്നു ..”
ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം കിട്ടി എന്ന അറിയിപ്പായിരുന്നു ടെലഗ്രാമിൽ !
ഈ കഥ പൂർണമായും ശരിയാണോ എന്നറിയില്ല എന്നും സെൻ പറയുന്നു. പക്ഷെ ഒരു കാര്യം തീർച്ചയാണ്. നോബൽ സമ്മാനമായി കിട്ടിയ തുക കൂടുതലും ചിലവഴിച്ചത് ശാന്തിനികേതന്റെ ഉന്നമനത്തിനായിരുന്നു.
വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം എന്ന് ടാഗോർ വിശ്വസിച്ചു. ജപ്പാന്റെ വളർച്ച ഉദാഹരണമാക്കിയാണ് ടാഗോർ ഈ വാദം ഉയർത്തിയത്.
നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് ‘ഗീതാഞ്ജലി‘. ‘ഗീതാഞ്ജലി‘യിൽ നിന്നും ചില വരികൾ:
(വിവർത്തനം ചെയ്തത് മഹാകവി ജി. ശങ്കരക്കുറുപ്പ്)
“ഭജനം പൂജനം ആരാധനയും
സാധനയും ഹേ നിര്‍ത്തുക സാധോ
നിജദേവാലയ മൂലയിലെന്തിനിരിക്കുന്നൂ
നീ, രുദ്ധ കവാടം?
നിഭ്രുതമിരുട്ടില്‍ നിഗൂഡമിരുന്നു
നീ ധ്യാനിക്കും ദൈവമതെവിടെ?
നില കൊള്‍വീല! നിമീലിത
ലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ!
കരിനിലമുഴുമാ കര്‍ഷകരോടും
വർഷം മുഴുവന്‍ വഴി നന്നാക്കാന്‍
പെരിയ കരിങ്കല്‍ പാറ നുറുക്കി
നുറുക്കിയൊരുക്കും പണിയാളരോടും
എരിവെയിലത്തും പെരുമഴയത്തും
ചേർന്നമരുന്നൂ ദൈവം!”
ആർ. ഗോപാലകൃഷ്ണൻ

