Thursday, May 7, 2026
Home » മുഖ്യമന്ത്രി ചർച്ച: എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി
മുഖ്യമന്ത്രി ചർച്ച: എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി

മുഖ്യമന്ത്രി ചർച്ച: എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി

by Editor

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയോഗിച്ച എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്ഥാനത്ത് ഇന്ന് പത്തരയ്ക്കു നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഇവര്‍ പങ്കെടുക്കും. 63 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനു പുറമേ എംഎല്‍എമാരുമായി ഇവര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടും.

രമേശ് ചെന്നിത്തലയും നിരീക്ഷകരും ഒരേ വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്. നിരീക്ഷകരെ സ്വീകരിക്കാൻ കെപിസിസി അധ്യക്ഷനുൾപ്പെടെയുള്ളവരെത്തി. നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് അജയ് മാക്കൻ പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയതിനു പിന്നാലെ ഇരുനേതാക്കളും മുതിർന്ന നേതാവ് എ.കെ.ആന്റണിയുമായി സംസാരിച്ചു. ഇന്ദിരാ ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഇവര്‍ സംസാരിക്കും. ഇതിനു ശേഷം ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കും.

മൂന്ന് നേതാക്കൾക്കായും ചരടുവലികൾ ശക്തമായിരിക്കെ, തീരുമാനമെടുക്കുന്നത് ഹൈക്കമാൻഡിന് കഠിനം. എംഎല്‍എമാരെ ഒറ്റയ്ക്കു കാണണമെന്നും കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കാന്‍ പാടില്ലെന്നുമുള്ള ആവശ്യമാണ് വി.ഡി.സതീശന്‍ പക്ഷം മുന്നോട്ടുവച്ചിരിക്കുന്നത്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ.സി.വേണുഗോപാല്‍ പക്ഷം അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാം ഭംഗിയായി നടക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഉടൻ തീരുമാനമുണ്ടാകുമെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി.‌ ചർച്ചകൾ ചൂടേറുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടു. താൻ ഡൽഹിക്ക് പോയത് മഹാരാഷ്ട്ര പുരസംഘടന കാര്യം ചർച്ച ചെയ്യാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമായിരിക്കെ നേതാക്കൾക്കായി ഇന്നും സംസ്ഥാനത്ത് വിവിധയിടങ്ങളിലും ഡൽഹിയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വി ഡി സതീശന് വേണ്ടി ഡൽഹി കേരള ഹൗസിന് മുന്നിൽ ഡൽഹി കോൺഗ്രസ്‌ മലയാളി കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. നേരത്തെ കെസി വേണുഗോപാൽ അനുകൂല ഫ്ലക്സ് മാത്രമായിരുന്നു കേരള ഹൗസിന് പുറത്തുണ്ടായിരുന്നത്.

എറണാകുളം പെരുമ്പാവൂരിലും തൃക്കാക്കരയിലും കോട്ടയത്തും പാലായിലും ആലപ്പുഴയിലും കെസി വേണുഗോപാലിനായി ഫ്ലക്സുകൾ ഉയർന്നു. പത്തനംതിട്ടയിലും പെരുന്പാവൂരിലും കോഴിക്കോടും കൊല്ലം ചിന്നക്കടയിലും രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്നാണ് തലവാചകം. വയനാട് മേപ്പാടി പള്ളിക്കവലയിലെ കോൺഗ്രസ്‌ എന്ന പേരിലാണ് വി ഡി സതീശനായി ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്. വി.ഡി. സതീശന്റെ കൂറ്റൻ ഫ്ലെക്സ് ബോർഡുമായി കോഴിക്കോട് തൊട്ടിൽപ്പാലത്ത് യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി.

മുഖ്യമന്ത്രി ചർച്ചകൾക്കിടെ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച; സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല

Send your news and Advertisements

You may also like

error: Content is protected !!