പിണറായി വിരുദ്ധ വികാരം സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് തോൽവിക്ക് കാരണമെന്ന് സിപിഐ. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിക്കു പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിനും എതിർപ്പെന്നാണ് റിപ്പോർട്ടുകൾ. സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ നിലപാട് സ്വീകരിക്കാനില്ല. എന്നാൽ ബന്ധപ്പെട്ട വേദികളിൽ നിലപാട് അറിയിക്കാനാണ് തീരുമാനം.
പിണറിയാ വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാണിച്ചത്. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തിൽപോലും വെള്ളാപ്പള്ളി നടേശനെ വിമർശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. കൂടാതെ വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം.
ഇടത് മുന്നണിയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാൻ സിപിഐ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് മാത്രമല്ല ഉപനേതാവും വേണമെന്ന് ആവശ്യപ്പടും. മുന്നണി നേതൃത്വം ഒരാളിലേക്ക് ചുരുങ്ങാതിരിക്കാൻ ആണ് ആവശ്യം ഉന്നയിക്കുന്നത്. സിപിഐയുടെ നിയമസഭാ കക്ഷി നേതാവായി കെ.രാജനെ നിശ്ചയിച്ചു. പി പ്രസാദിനെ നിയമസഭാ കക്ഷി ഉപ നേതാവായും ജി ആർ അനിലിനെ പാർട്ടി വിപ്പായും നിശ്ചയിച്ചു. 25 സീറ്റിൽ മത്സരിച്ച പാർട്ടി 8 സീറ്റിലേക്ക് കൂപ്പുകുത്തിയോടെ സിപിഐയിൽ ബിനോയ് വിശ്വത്തെ മാറ്റണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ഇടതുകോട്ടകളിൽ ഉൾപ്പെടെ നേരിട്ട വൻ പരാജയത്തിൽ ആത്മപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഐഎമ്മും സിപിഐയും. പരാജയം അപ്രതീക്ഷിതമെന്നാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. കനത്ത തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഐഎം നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനമുയർന്നു. തോൽവിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത് പ്രവാഹമാണുണ്ടായത്. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പ്രധാന കാരണം സർക്കാരിനെ നയിച്ച പിണറായി വിജയനോടുള്ള എതിർപ്പാണെന്ന് സിപിഐഎം നേതാക്കൾ തുറന്നു സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്.
പിണറായി വിരോധം ഇത്രമേൽ ആഴത്തിൽ നിലനിൽക്കുന്നുവെന്ന് തിരിച്ചറിയുന്നതിലും തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിലും സംസ്ഥാന സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും കഴിഞ്ഞില്ല എന്നും വിമർശനം ഉയർന്നു. ഭരണത്തെ പിണറായിയുടെ ഇഷ്ടത്തിന് വിട്ട സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ പാർലമെൻ്ററി നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും അഴിച്ചുപണി വേണമെന്നാണ് ആവശ്യം. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കുമെന്നും പാർട്ടി അംഗങ്ങൾക്ക് നിർഭയമായി അഭിപ്രായം പറയാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

