വാഷിങ്ടൻ: സിഎൻഎൻ (കേബിൾ ന്യൂസ് നെറ്റ്‌വർക്ക്) സ്‌ഥാപകനും സാമൂഹ്യപ്രവർത്തകനുമായ ടെഡ് ടർണർ (87) അന്തരിച്ചു. ലോകത്താദ്യമായി 24 മണിക്കൂർ വാർത്താ സംപ്രേഷണം എന്ന ആശയം നടപ്പിലാക്കി ടെലിവിഷൻ മാധ്യമ രംഗത്തെ പൂർണ്ണമായി മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ടെർണർ. മെയ് 6-ന് ഫ്ലോറിഡയിലെ ലാമോണ്ടിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം.
യുഎസിലെ ഒഹായോയിലെ സിൻസിനാറ്റിയിൽ 1938-ലായിരുന്നു ടർണറുടെ ജനനം. 1970-ൽ ചാനൽ 17 എന്നറിയപ്പെട്ടിരുന്ന അറ്റ്ലാൻ്റ സ്‌റ്റേഷൻ സ്വന്തമാക്കിക്കൊണ്ടായിരുന്നു മാധ്യമരംഗത്തേക്കുള്ള ടർണറുടെ കടന്നുവരവ്. 1976ൽ ചാനൽ 17നെ സാറ്റലൈറ്റ് സംപ്രേക്ഷണത്തിലേക്ക് ഉയർത്തിക്കൊണ്ട് ലോകത്തെ ആദ്യ കേബിൾ ടിവി സൂപ്പർ സ്‌റ്റേഷൻ ടേണർ സ്‌ഥാപിച്ചു. തുടർന്ന് 1980ലാണ് ടർണർ സിഎൻഎൻ സ്‌ഥാപിക്കുന്നത്. വാർത്തകൾക്കായി മാത്രമായി ഒരു ചാനൽ എന്ന ലോകത്തെ ആദ്യത്തെ പരീക്ഷണം മാധ്യമചരിത്രത്തെ തന്നെ മാറ്റിമറിച്ചു.
കേബിൾ ന്യൂസ് നെറ്റ്‌വർക്ക് (സി എൻ എൻ) എന്ന സ്ഥാപനത്തിലൂടെ വാർത്താ വിതരണത്തിന്റെ ഗതി തന്നെ അദ്ദേഹം മാറ്റി എഴുതി. തുടർന്ന് 1990-91ലെ ഗൾഫ് യുദ്ധകാലത്ത് മണിക്കൂറുകൾ ഇടവിട്ടുള്ള വാർത്താ സംപ്രേഷണരീതിയിൽനിന്ന് വ്യത്യസ്‌തമായി 24 മണിക്കൂർ സംപ്രേഷണത്തിന് സിഎൻഎന്നിലൂടെ തുടക്കമിട്ടത് ടർണറായിരുന്നു.
വാർത്തകൾക്ക് പുറമെ കായികം, വിനോദം എന്നീ മേഖലകളിലും വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1985 ൽ എം ജി എം സ്റ്റുഡിയോയുടെ സിനിമാ ലൈബ്രറി സ്വന്തമാക്കിയ അദ്ദേഹം, 1992 ൽ പ്രശസ്തമായ കാർട്ടൂൺ നെറ്റ്‌വർക്കിന് രൂപം നൽകി. 1996 ൽ ടെർണർ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തെ ടൈം വാർണറുമായി ലയിപ്പിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ അമരക്കാരനായി അദ്ദേഹം മാറി.
2018-ൽ തനിക്ക് ‘ലൂയി ബോഡി ഡിമെൻഷ്യ’ (Lewy body dementia) എന്ന മസ്തിഷ്ക രോഗമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിൻ്റെ അവസാന വർഷങ്ങളിൽ അദ്ദേഹം മാധ്യമ ലോകത്ത് നിന്ന് മാറി തൻ്റെ പ്രിയപ്പെട്ട സ്ഥലമായ മൊണ്ടാനയിലെ (Montana) ഫാമിലായിരുന്നു കൂടുതൽ സമയവും ചിലവഴിച്ചത്. കുതിരസവാരിയും മീൻപിടുത്തവുമായിരുന്നു അവിടെ അദ്ദേഹത്തിൻ്റെ പ്രധാന വിനോദങ്ങൾ. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഭൂവുടമകളിൽ ഒരാളായിരുന്ന അദ്ദേഹം, തൻ്റെ ഭൂമി വന്യജീവികൾക്കും പ്രകൃതി സംരക്ഷണത്തിനുമായി നീക്കിവെച്ചു.
ഒരു ശതകോടീശ്വരൻ എന്നതിലുപരി മികച്ച ജീവകാരുണ്യ പ്രവർത്തകനായും മനുഷ്യാവകാശ പോരാളിയായും അദ്ദേഹം അറിയപ്പെട്ടു. ഐക്യരാഷ്ട്രസഭയ്ക്ക് ഒരു ബില്യൺ ഡോളർ സംഭാവനയായി നൽകിക്കൊണ്ട് അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. വാർത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തി എന്നതിലുപരി, ഒരു മികച്ച പരിസ്ഥിതി സ്നേഹിയായും ലോകം അദ്ദേഹത്തെ ഓർക്കും.

