ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ തങ്ങളുടെ ആദ്യ നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ ശക്തമായി തടയുമെന്ന് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തെ പൂർണ്ണമായും എതിർക്കും. നിലവിലെ അണക്കെട്ട് ശക്തിപ്പെടുത്താനുള്ള തമിഴ്‌നാടിന്റെ ശ്രമങ്ങൾക്ക് കേരള സർക്കാർ അനുമതി നൽകുന്നില്ല എന്ന് നയപ്രഖ്യാപനത്തിൽ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
പതിവ് കീഴ്വഴക്കം പിന്തുടർന്നാണ് വിജയ് സർക്കാർ നിയമസഭാ സമ്മേളന നടപടികൾ ആരംഭിച്ചത്. ആദ്യം തമിഴ് തായ് വാഴ്ത്താണ് ആലപിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടി എന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി. പെരിയാർ, അണ്ണാദുരൈ, അംബേദ്‌കർ എന്നിവരുടെ പേരുകൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമർശിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്‌ചയില്ലെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു. ഡിഎംകെയ്ക്കെതിരെയും ഗവർണർ വിമർശനമുന്നയിച്ചു. മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ല. ലഹരിയൊഴുക്കാണ് കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം, ദ്വിഭാഷനയം തുടരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കും. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുകയും ചെയ്തു. ത്രിഭാഷനയവുമായി കേന്ദ്ര വിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നയം വിജയ് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാട് തന്നെയാണ് സർക്കാർ നിലപാടെന്നും നയപ്രസംഗം വ്യക്തമാക്കുന്നു.
130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനാപരമായ ബലഹീനതകൾ ചൂണ്ടിക്കാട്ടി ‘കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം’ എന്ന നയമാണ് കേരളം ഉയർത്തുന്നത്. പെരിയാർ തീരത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പുതിയ അണക്കെട്ട് നിർമ്മിക്കുക മാത്രമാണ് ഏക ശാശ്വത പരിഹാരമെന്ന് കേരള ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

