സിഡ്നി, ഓസ്ട്രേലിയ: കായൽ ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് നോർവെസ്റ്റ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്താനിരുന്ന മെഗാ ഷോ അടിയന്തര കാരണങ്ങളാൽ മാറ്റി വെച്ചു. മറ്റ് ആർട്ടിസ്റ്റുകളെല്ലാം വേദിയിൽ എത്തിയിട്ടുണ്ടെങ്കിലും, മോഹൻലാലിന്റെ ഓസ്ട്രേലിയൻ വിസ ഇതുവരെ ലഭിക്കാത്തതിനെ തുടർന്നാണ് പരിപാടി തൽക്കാലത്തേക്ക് മാറ്റേണ്ടി വന്നത്. വിസ റിജക്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, സാങ്കേതികമായ ചില കാരണങ്ങളാൽ വൈകുകയാണെന്നും സംഘാടകർ വ്യക്തമാക്കി.
സിംഗപ്പൂരിൽ നിന്നയച്ച വീഡിയോ സന്ദേശത്തിലൂടെ മോഹൻലാൽ തന്നെ ഈ വിവരം ആരാധകരെ അറിയിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിസ ക്ലിയർ ആകുന്ന മുറയ്ക്ക് തീർച്ചയായും ഓസ്ട്രേലിയയിൽ എത്തുമെന്നും, സിഡ്നിയിലെ മലയാളികൾക്ക് വേണ്ടിയുള്ള ഈ പരിപാടി പുതിയൊരു തീയതിയിൽ ഭംഗിയായി നടത്തിത്തരുമെന്നും അദ്ദേഹം ആ സന്ദേശത്തിലൂടെ വ്യക്തമാക്കി.
ന്യൂസിലാൻഡ് പരിപാടിക്ക് തടസ്സമില്ല
സിഡ്നിയിലെ ഷോ മാറ്റിവെച്ചെങ്കിലും, നാളെ ന്യൂസിലാൻഡിൽ നടക്കാനിരിക്കുന്ന പരിപാടിക്ക് മാറ്റമില്ല. ന്യൂസിലാൻഡിലേക്കുള്ള മോഹൻലാലിന്റെ വിസ അപ്പ്രൂവ് ആയിട്ടുണ്ട്. നാളത്തെ പരിപാടിയിൽ പങ്കെടുക്കാനായി അദ്ദേഹം അവിടേക്ക് യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സിഡ്നി ഷോയുടെ പുതിയ തീയതിയും ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങളും കായൽ ഇവന്റ്സ് ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും.

