ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്ന് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. ‘കേരളം ബിൽ 2026’ (The Kerala (Alteration of Name) Bill, 2026) ഓഗസ്റ്റ് 11-ന് ലോക്‌സഭയും, തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 12-ന് രാജ്യസഭയും ശബ്ദവോട്ടോടെ പാസാക്കി. പാർലമെൻ്റിൻ്റെ ഇരുസഭകളും ബില്ലിന് അംഗീകാരം നൽകിയതോടെ ഇനി രാഷ്ട്രപതിയുടെ അന്തിമാനുമതിയാണ് ലഭിക്കേണ്ടത്. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തുകയും ചെയ്യും.
പേര് മാറ്റത്തിനുള്ള നിർദേശത്തിന് 2026 ഫെബ്രുവരി 24 നാണ് കേന്ദ്ര മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകിയിരുന്നത്. നിയമ നടപടികൾ പൂർത്തിയാകുന്നതോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തി തുടങ്ങും.
1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനസംഘടിപ്പിച്ചത് മുതൽ മലയാളത്തിൽ കേരളം എന്നും ഇംഗ്ലീഷിൽ കേരള എന്നും ഉപയോഗിച്ച് വന്നിരുന്ന വൈരുധ്യത്തിനാണ് ഇതോടെ പൂർണവിരാമമാകുന്നത്. എന്നാൽ ഈ നാമമാറ്റം ഭരണതലത്തിൽ വലിയ സാമ്പത്തിക ബാധ്യതയ്ക്കും വിപുലമായ പ്രവർത്തനങ്ങൾക്കും വഴി തുറക്കും. സെക്രട്ടേറിയറ്റ് മുതൽ താഴേത്തട്ടിലുള്ള വില്ലേജ് ഓഫീസുകൾ വരെയുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലെയും ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, വെബ്സൈറ്റുകൾ, ഔദ്യോഗിക ലോഗോകൾ എന്നിവ പുതിയ പേര് ഉൾപ്പെടുത്തി മാറ്റേണ്ടി വരും. കൂടാതെ ലക്ഷക്കണക്കിന് ഗസറ്റുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ പുതിയ പേരിൽ പുനരച്ചടിക്കേണ്ടി വരുമെന്നതിനാൽ സംസ്ഥാന ഖജനാവിന് വലിയൊരു തുക ചെലവഴിക്കേണ്ടതായും വരും.

