Friday, June 19, 2026
Home » നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.

നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.

by Editor

തിരുവനന്തപുരം: നാളെ (ജൂൺ 19) മുഖ്യമന്ത്രി വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് (2026-2027) നിയമസഭയിൽ അവതരിപ്പിക്കും. നേരത്തെ ജനുവരിയിൽ എൽ.ഡി.എഫ് സർക്കാർ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നെങ്കിലും, ഭരണം മാറിയ സാഹചര്യത്തിലാണ് പുതിയ വികസന നയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ ബഡ്ജറ്റ് നാളെ അവതരിപ്പിക്കുന്നത്.

ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് ഇത് ഒരു സാധാരണ ബജറ്റ് അവതരണമല്ല. വർഷങ്ങളായി കടബാധ്യതകളുടെയും വരുമാന-ചെലവ് അസന്തുലിതാവസ്ഥയുടെയും സമ്മർദത്തിലാണ് സംസ്ഥാന ഖജനാവ്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക വെല്ലുവിളികൾക്ക് യാഥാർഥ്യബോധമുള്ള പരിഹാരങ്ങളും ഭാവിയെ ലക്ഷ്യമിട്ടുള്ള വികസന സമീപനവും ഒരേസമയം അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച വികസന സ്വപ്‌നങ്ങളും “ഇന്ദിരാ ഗാരണ്ടി”യുടെ വാഗ്ദാനങ്ങളും ഈ ബജറ്റിൽ എത്രത്തോളം യാഥാർഥ്യരൂപം പ്രാപിക്കുമെന്നതും നിർണായകമാണ്. ജനക്ഷേമ പദ്ധതികൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന സമീപനമാണ് കേരളം പ്രതീക്ഷിക്കുന്നത്. സാധാരണക്കാരന്റെ സുരക്ഷയും സാമൂഹിക നീതിയും ഉറപ്പാക്കുന്ന പദ്ധതികൾ തുടരണം. യുവാക്കൾക്ക് തൊഴിൽ, കർഷകർക്ക് ആശ്വാസം, സംരംഭകർക്ക് ആത്മവിശ്വാസം, നിക്ഷേപകർക്ക് അനുകൂല സാഹചര്യം, സാധാരണക്കാർക്ക് ജീവിതച്ചെലവിലെ ആശ്വാസം, അതോടൊപ്പം സംരംഭകത്വം, നിക്ഷേപം, വ്യവസായ വികസനം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, ടൂറിസം, സാങ്കേതികവിദ്യ, തൊഴിൽസൃഷ്‌ടി തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്താതെ സംസ്ഥാനത്തിൻ്റെ ഭാവി സുരക്ഷിതമാക്കാനാകില്ല. നാളത്തെ ബജറ്റിലൂടെ സർക്കാർ മുന്നോട്ടുവയ്ക്കുന്ന സന്ദേശം അടുത്ത അഞ്ച് വർഷത്തെ കേരളത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ ദിശയെ നിർണയിക്കാൻ ശേഷിയുള്ളതാണ്.

Send your news and Advertisements

You may also like

error: Content is protected !!