Friday, June 19, 2026
Home » ഹീബ്രോൺ കരാർ റദ്ദാക്കിയതായി പ്രഖ്യാപനം; പ്രതിഷേധത്തെതുടർന്ന് തിരുത്തി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം.
ഹീബ്രോൺ കരാർ റദ്ദാക്കിയതായി പ്രഖ്യാപനം; പ്രതിഷേധത്തെതുടർന്ന് തിരുത്തി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം.

ഹീബ്രോൺ കരാർ റദ്ദാക്കിയതായി പ്രഖ്യാപനം; പ്രതിഷേധത്തെതുടർന്ന് തിരുത്തി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം.

by Editor

ടെൽ അവീവ്: ഇസ്രയേൽ-പാലസ്തീൻ തർക്കങ്ങൾ പരിഹരിക്കാൻ 1997-ൽ രൂപീകരിച്ച ഹീബ്രോൺ കരാർ റദ്ദാക്കിയതായി ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് പ്രഖ്യാപിച്ചെങ്കിലും, പ്രതിഷേധത്തെതുടർന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദം പിന്നീട് നിഷേധിച്ചു.

പ്രശസ്തമായ ഓസ്ലോ കരാറിനെ പിൻപറ്റി ഇസ്രയേലും പാലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷനും (പിഎൽഒ) ഒപ്പുവച്ച കരാർ പ്രകാരം പാലസ്‌തീൻ അതോറിറ്റിക്ക് 80 ശതമാനം സ്ഥലത്ത് പൂർണ അധികാരം ഉണ്ടായിരുന്നു. ബാക്കി സ്ഥലത്ത് സിവിൽ അധികാരവും. അതാണ് ഇസ്രയേൽ റദ്ദാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ഹീബ്രോൺ നഗരത്തിലും അവിടുത്തെ പുണ്യസ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പലസ്തീൻ മുൻസിപ്പാലിറ്റിക്കുള്ള അധികാരം ഇതോടെ ഇല്ലാതായെന്നും, ഈ നിയന്ത്രണം ഇനി പൂർണ്ണമായി ഇസ്രയേൽ ഏറ്റെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽ തീവ്ര നിലപാടുള്ള വ്യക്തിയാണ് സ്മോട്രിക്. പാലസ്തീനിലെ വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന പാലസ്‌തീൻ അതോറിറ്റിക്ക് കീഴിലുള്ള ഹീബ്രോൺ നഗരം ഇതോടെ ഇസ്രയേൽ സൈന്യത്തിൻറെ നിയന്ത്രണത്തിലാകുമായിരുന്നു. സ്മോട്രിച്ചിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ഇത് തിരുത്തി രംഗത്തെത്തി. ഹീബ്രോൺ കരാർ റദ്ദാക്കിയിട്ടില്ലെന്നും ധനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഹീബ്രോണിലെ ജൂത ക്വാർട്ടറുകളിലെയും ജൂത പുണ്യസ്ഥലങ്ങളിലെയും ആസൂത്രണ-നിർമ്മാണ ചുമതലകളിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും, വർഷങ്ങളായി പലസ്തീൻ മുൻസിപ്പാലിറ്റി ഈ കാര്യങ്ങളിൽ സഹകരിക്കാത്തതിനാലാണ് സുരക്ഷാ കാബിനറ്റ് മാസങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും മന്ത്രാലയം വിശദീകരിച്ചു.

എന്നാൽ പ്രായോഗിക തലത്തിൽ, ഹീബ്രോണിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലെയും പുണ്യസ്ഥലങ്ങളിലെയും പ്ലാനിംഗ്, നിർമ്മാണ അനുമതികൾ നൽകാനുള്ള പലസ്തീൻ മുൻസിപ്പാലിറ്റിയുടെ അധികാരം ഇസ്രയേലിന്റെ ഹയർ പ്ലാനിംഗ് കൗൺസിൽ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് അൽജസിറ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രയേലിന്റെ ഈ നീക്കം വെസ്റ്റ് ബാങ്ക് പ്രവിശ്യയെ കൂടുതൽ സംഘർഷഭരിതമാക്കുമെന്ന് പലസ്തീൻ പ്രസിഡൻസി മുന്നറിയിപ്പ് നൽകി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പലസ്തീൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേൽ പ്രധാനമന്ത്രി ഒപ്പുവെച്ച കരാറിനെ അട്ടിമറിക്കാനും, ഹീബ്രോൺ നഗരത്തിന്മേൽ ഇസ്രയേലിന്റെ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കാനുമുള്ള ശ്രമമാണിതെന്ന് പലസ്തീൻ അധികൃതർ ആരോപിക്കുന്നു.

ഇസ്രയേലിന്റെ രൂപീകരണത്തോടെ പാലസ്തീൻ ഗാസ, വെസ്റ്റ് ബാങ്ക്, ജറുസലേം, കൂടാതെ മറ്റു പ്രദേശങ്ങൾ എന്നിങ്ങനെ വിഘടിക്കപ്പെട്ടിരുന്നു. ജറുസലേമിൻ്റെതുൾപ്പെടെയുള്ള നിയന്ത്രണം ഇസ്രയേൽ തുടക്കത്തിലേ പിടിച്ചിരുന്നു. വെസ്റ്റ് ബാങ്കും ഗാസയുമാണ് ഇസ്രയേലിന് കീഴടങ്ങാതിരുന്നത്. ഗാസയിൽ ശക്തമായ ചെറുത്ത് നിൽപ്പ് തുടരുന്നുണ്ടെങ്കിലും പിഎൽഒ ചെയർമാനായിരുന്ന യാസർ അറാഫത്തിൻ്റെ മരണ ശേഷം വെസ്റ്റ് ബാങ്ക് ഫലത്തിൽ ഇസ്രായേലിന്റെ കീഴിലാണ്.

വെസ്റ്റ് ബാങ്കിലെ സുപ്രധാന നഗരമാണ് ഹീബ്രോൺ. ഈ നഗരത്തിൻ്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് യാസർ അറാഫത്തും ബെഞ്ചമിൻ നെതന്യാഹുവും കരാർ ഒപ്പുവച്ചത്. ഇതുപ്രകാരം ഹീബ്രോൺ നഗരത്തെ രണ്ടാക്കി തിരിച്ചു. എൺപത് ശതമാനം പാലസ്‌തീൻ അതോറിറ്റിക്ക് കീഴിലും ബാക്കി ഇസ്രയേൽ സൈന്യത്തിന് കീഴിലുമായി കരാർ ഒപ്പുവച്ചു. സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് വികസനം, നഗരാസൂത്രണം, നിർമാണം എന്നിവയുടെ ചുമതല അതോറിറ്റിക്ക് സ്വാധീനമുള്ള ഹീബ്രോൺ മുൻസിപ്പാലിറ്റിക്കാണ്.

പ്രശസ്‌തമായ ഇബ്രാഹിമി പള്ളി ഉൾപ്പെടുന്ന ഈ പ്രദേശം മുസ്ലിങ്ങൾക്കും ജൂതർക്കും ഒരുപോലെ പ്രധാനമാണ്. ഇവിടെ കൂടുതലും പാലസ്‌തീൻകാരാണ് ഉള്ളതെങ്കിലും കടുത്ത നിയന്ത്രണത്തിലാണ് ജീവിതം. ജൂത കുടിയേറ്റക്കാരേക്കാൾ കൂടുതൽ ഇസ്രയേൽ സൈനികർ ഇവിടെ തമ്പടിക്കുന്നുണ്ട്. ഇസ്രയേലിന്റെ തീരുമാനം ഇബ്രാഹീമി പള്ളിയെ ബാധിക്കുമെന്ന് പാലസ്‌തീൻ അതോറിറ്റിയും ഹമാസും വ്യക്തമാക്കി. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ പ്രദേശം കൂടിയാണിത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിഷയത്തിൽ ഇടപെടണം എന്ന് പാലസ്‌തീൻ അതോറിറ്റി ആവശ്യപ്പെട്ടു. നേരത്തെ ഇവിടെ അന്താരാഷ്ട്ര സമാധാന സേനയുണ്ടായിരുന്നു എങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!