Monday, April 20, 2026
Home » ജിം കോർബറ്റ് – ശിക്കാരിയായി തുടങ്ങി സംരക്ഷകനായി മാറിയ കഥ
ജിം കോർബറ്റ് - ശിക്കാരിയായി തുടങ്ങി സംരക്ഷകനായി മാറിയ കഥ

ജിം കോർബറ്റ് – ശിക്കാരിയായി തുടങ്ങി സംരക്ഷകനായി മാറിയ കഥ

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

ശിക്കാരി ജിം കോർബറ്റ്, കടുവകളെ വേട്ടയാടുകയും പിൽക്കാലത്ത് അവയെക്കുറിച്ച് ഐതിഹാസമായ രചനകൾ നടത്തുകയും ചെയ്തു. തുടർന്ന്, തോക്കു താഴെ വച്ച് വന്യജീവി സംരക്ഷണത്തിന്റെ പ്രചാരകനായി മാറുകയും ചെയ്ത കഥ – ആശ്ചര്യകരമായ ആ കഥ ചെറുപ്പം മുതൽ കേട്ടും വായിച്ചു അറിഞ്ഞിട്ടുള്ളതാണ്.

‘അരിക്കൊമ്പ‘ന്റെയും ‘ചക്കക്കൊമ്പ‘ ൻെയും പിന്നാലെ നടക്കുന്ന വനയോര നിവാസികളും സർക്കാരും വന്യജീവി സംരക്ഷകരും കോടതിയും മാദ്ധ്യമങ്ങളും സജീവമായ വർത്തമാന കാലത്ത്, മനുഷ്യ ജീവൻ രക്ഷക്കായിയ ഒരു ശിക്കാരിയേയും വന്യജീവി സംരക്ഷകനും ഒരാളിൽ തന്നെ കണ്ടെത്തുന്നതിൽ പ്രസക്തി ഉണ്ടെന്ന് തോന്നുന്നു. മാംസാഹാരിയാല്ലാത്ത ആനക്ക് തിന്നാനും കുടിക്കാനുമുള്ള വക കാട്ടിൽ തന്നെ ലഭ്യമാക്കാർ അധികമാരും ചിന്തിക്കുന്നതേ ഇല്ലന്നതാണ് ദുഃഖകരമായ സത്യം!

ശിക്കാരി ജിം കോർബറ്റ്: ഇത് വെറും ‘ശിക്കാരി ശംഭു‘വല്ല; സാഹസികനായ യഥാർത്ഥ നായാട്ടുകാരൻ തന്നെ. അദ്ദേഹം എഴുതിയ ആദ്യ പുസ്തകം ‘കുമയൂൻ കുന്നുകളിലെ നരഭോജികൾ’ (Man – Eaters of Kumaon) എന്ന പുസ്തകം1944-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. പിന്നീട് ഇത് 27 ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ടു. അന്തർദേശീയ ബെസ്റ്റ് സെല്ലറായി. ഒരു നൂറ്റാണ്ടു മുമ്പ് (1900 മുതൽ 1930 വരെയുള്ള കാലഘട്ടത്തിൽ), ഹിമാലയ സാനുക്കളിലെ (ഇന്നത്തെ ഉത്തരാഖണ്ഡ് – യു.പി.യിലെ പ്രദേശങ്ങൾ) നരഭോജികളായ ബംഗാൾ കടുവകളെയും പുള്ളിപ്പുലികളെയും പിൻതുടർന്ന് നായാടുന്ന കോർബെറ്റിന്റെ ഉദ്വേഗഭരിതമായ ജീവിതമാണ് ഈ പുസ്തകത്തിൽ. ഈ ഒരു പുസ്തകം മാത്രമല്ല സമാനമായ മറ്റ് പുസ്തകങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.

ഇതിൽ ചില ഭാഗങ്ങൾ പാഠപുസ്തകത്തിൽ, പഠനത്തിനായി അന്ന് നിർദ്ദേശിക്കപ്പെട്ടവ ആയായിരുന്നു. എന്നാൽ കുട്ടിക്കാലത്തേ ഇതിന്റെ മലയാള പരിഭാഷ വായനശാലയിൽ നിന്നു വായിച്ച ഓർമ്മയാണ് എനിക്കുള്ളത്.

ഇന്ന് ജിം കോർബറ്റിൻ്റെ 71-ാം ഓർമ്മദിനം!

പോരാളികളും നായാട്ടുകാരും സാധാരണക്കാരുടെ മനസ്സിൽ ഒരു വീരാധന ഉണർത്തുന്നവരാണ്. അത്തരത്തിലുള്ള ഒരു നായാട്ടു ജീവിതമാണ് ജിം കോർബെറ്റിന്റെ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ, പിന്നീട് പരിസ്ഥിതി സംരക്ഷകനായി മാറി. ലക്ഷ്യവേധിയായ ഒരു ഷാർപ്പ് ഷൂട്ടർ, സാഹസികനായ വേട്ടക്കാരൻ, മഹാനായ പ്രകൃതി സ്നേഹി, സർഗ്ഗധനനായ എഴുത്തുകാരൻ, വന്യ ജീവി ഫോട്ടോഗ്രാഫർ എന്നീ നിലയിൽ എല്ലാം ജിം കോർബർട്ടിനെ ഓർക്കാം.

ഇപ്പോഴത്തെ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ ഐറിഷ് ദമ്പതികളായ വില്യം ക്രിസ്റ്റഫറിന്റെയും മേരി ജെയിൻ കൊർബറ്റിന്റെയും 16 മക്കളിൽ എട്ടാമനായി 1875 ജൂലായ്‌ 25-ന് ജിം ജനിക്കുമ്പോൾ ഭാരതം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നു. മുഴുവൻ പേര്, എഡ്വാർഡ് ജയിംസ് കോർബേറ്റ് എന്നാണ്. പിതാവ് നൈനിത്താൾ പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്നു. തന്റെ നാലാം വയസ്സിൽ പിതാവിന്റെ മരണത്തെ തുടർന്ന് മാതാവിനുള്ള തുച്ഛമായ പെൻഷൻ കൊണ്ടാണ് കുടുംബം ജീവിതം കഴിഞ്ഞത്. കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു ജിമ്മിന്റെ ബാല്യകാലം.

തീരെ ചെറുപ്പത്തിൽ തന്നെ ജിം നൈനിറ്റാളിലെ വനങ്ങളിൽ അലഞ്ഞു തിരിഞ്ഞു. ഇളം പ്രായത്തിൽ തന്നെ വന്യമൃഗങ്ങളെയും പക്ഷികളെയും അവയുടെ ആവാസ ഭൂമികയിൽ വച്ചു തന്നെ തിരിച്ചറിയാനും അവയെ പിന്തുടർന്ന് നിരീക്ഷിക്കാനുമുള്ള അസാധാരണമായ വൈദഗ്ധ്യം ജിമ്മിനുണ്ടായിരുന്നു. കൂടാതെ ഉന്നം തെറ്റാതെ വെടി വയ്ക്കാനും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു വന മാർഗ്ഗ സഞ്ചാരങ്ങളിലും – വന്യജീവി ജീവിത രീതികളിലും ഒരു വിദഗ്ദ്ധനായി അദ്ദേഹം പേരെടുത്തിരുന്നു. പ്രതിഫലത്തിനു വേണ്ടിയായിരുന്നില്ല കോർബറ്റ് മൃഗങ്ങളെ വേട്ടയായിരുന്നത്. മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ മാത്രമേ അദ്ദേഹം വേട്ടയാടിയിരുന്നുള്ളൂ‍.

അക്കാലത്ത് കുമയൂൺ മേഖലയിൽ ഒരുപാട് (നരഭോജി?) കടുവകൾ ഉണ്ടായിരുന്നു ഗ്രാമങ്ങളിലെ മനുഷ്യർ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും നിരന്തരം ഈ നരഭോജികളുടെ ഇരയായി. ഉദാഹരണത്തിന്, ഇതിലെ ഒരു നരഭോജിയായ കടുവ നാനൂറിലധികം മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയാണെന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആ കടുവയുടെ ആക്രമണത്തിന് ഇരയായവരുടെ ഗ്രാമങ്ങളിലക്ക് ജിം കോർബറ്റ് ദൈവദൂതനെപ്പോലെയാണ്‌ സ്വീകരിക്കപ്പെട്ടത്.

തൻ്റെ 30 വയസ്സിൽ ബ്രിട്ടീഷ് കണക്ക് പ്രകാരം 450-ന് അടുത്ത് മനുഷ്യരെ കൊന്ന ചമ്പാവത് കടുവയെ കൊന്നു കൊണ്ട് ആണ് കോർബർട്ട് തുടങ്ങിയത്. (അന്നത്തെ ബ്രിട്ടീഷ് കണക്കുകളിൽ, വനവാസികൾയും ഇന്ത്യക്കാരുടെ യുഗം യഥാർത്ഥ മരണത്തിന്റെ കണക്ക് ഇതിലും കൂടുതലാകാനാണ് സാദ്ധ്യത.) ഈ കടവയെ വകവരുത്താൻ നീണ്ട എട്ടുവർഷം ബ്രിട്ടീഷ് സർക്കാർ അയച്ച രണ്ടു സൈനിക റജിമെന്റുകൾ ഈ ശ്രമത്തിൽ പരാജയപെട്ടുവത്രേ. തുടർന്നും അതിനായി മുന്നോട്ടു വന്ന പലരും പരാജയപെട്ടു പിന്മാറേണ്ടി വന്നു. ഒടുവിൽ ജിം കോർബറ്റ് ആ ഉദ്യമം ഏറ്റെടുത്തു. അനേക ദിവസങ്ങളുടെ കാത്തിരിപ്പിനും പരാജയപ്പെട്ട ശ്രമങ്ങൾക്കും ഒടുവിൽ അദ്ദേഹം ആ കടുവയെ വെടിവച്ചു കൊല്ലുക തന്നെ ചെയ്തു.

രുദ്രപ്രയാഗിലെ പുള്ളിപ്പുലി, മോഹൻ കടുവ, പൗവൽഗാടിലെ ബ്രഹ്മചാരി, കന്ധാ നരഭോജി തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട നരഭോജികളെയാണ് അദ്ദേഹം വേട്ടയാടിയത്. ജിം, ഒറ്റക്ക് കടുവകളെ ട്രാക്ക് ചെയ്തു മുന്നേറി തൻ്റെ തോക്കിന് ഇരയാക്കുന്നതിൽ ബഹുകേമൻ തന്നെയായിരുന്നു.

പില്ക്കാലത്ത്, കുമയൂൺ മേഖലകളിലെ വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നതിൽ സ്വയം മനഃസാക്ഷി വേദനിച്ച് ജിം എന്നേക്കുമായി തോക്ക് താഴെ വച്ചു; ശേഷകാലം അവയുടെ സംരക്ഷത്തിനായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു. വേട്ടക്കാരനിൽ നിന്നു സംരക്ഷകനിലേക്ക് ഉണ്ടായ ഈ മാറ്റമാണ് ജിം കോർബറ്റിനെ മറ്റ് നായാട്ടുകാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

1930-കളോടെ നരഭോജി കടുവകളുടെ വേട്ടയിൽ നിന്നും പിൻവാങ്ങിയ ജിം കോർബറ്റ്, ഭാരതത്തിന്റെ വിശാലമായ വന്യജീവി സമ്പത്തിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി അദ്ദേഹം സ്ക്കൂളുകളിൽ പോയി കുട്ടികളിൽ ബോധവൽക്കരണം നടത്തി.

1934-ൽ സ്വപ്രയത്നത്താൽ ഇന്ത്യയിലെ ആദ്യത്തെ വന്യജീവി നാഷണൽ പാർക്ക് കുമയൂൺ ഹിൽസിൽ യാഥാർഥ്യമാക്കി. 1957-ൽ ഈ പാർക്കിന് അദ്ദേഹത്തിന്റെ പേരു നൽകുകയും ചെയ്തു. അൻപതോളം കടുവകളെ കൊന്ന മനുഷ്യൻ്റെ പേരിൽ ഒരു വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ പേരു വരുക എന്നത് ഒരു വിരോധാഭാസമായി ഇന്നു തോന്നാമെങ്കിലും – ജിം കോർബറ്റ് സംരക്ഷകൻ തന്നെയായിരുന്നു, നിരാവലംബരായ ഗ്രാമീണരുടെയും വന്യജീവികളുടെയും …..

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്കു ശേഷം 1947-ൽ ജിം കെനിയയിലേക്കു പോയി.

തന്റെ സഹോദരിക്കു വേണ്ടി, ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി ജീവിതം. ജിം കോർബറ്റിനേക്കാൾ ഒരു വയസ്സിനു മൂത്ത സഹോദരി മാർഗരറ്റ് വിനിഫ്രഡ് കോർബറ്റ് എന്ന മാഗി ജിമ്മിന്റെ ആജീവനാന്ത കൂട്ടാളിയായിരുന്നു; ജിമ്മും മാഗിയും, നൈനിറ്റാളിലെ അവരുടെ ഭവനമായ ഗർണി ഹൗസിൽ ഒരുമിച്ച് താമസിച്ചു. പിന്നീട് 1947-ൽ അവർ ഇരുവരും കെനിയയിലേക്ക് കുടിയേറി. (1963-ൽ മാഗി മരിച്ചു.)

കെനിയയിൽ എത്തിയ ശേഷം ജിം എഴുത്തിൽ മാത്രം വ്യാപൃതനായി.
The Man Eater in Kumayon (1944), Man Eater of Rudra Prayag (1947); The Champawat Man-Eater എല്ലാം അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന രചനകളാണ്.

മറ്റു പ്രധാന രചനകൾ: Jungle Stories (1935 – 100 കോപ്പികൾ മാത്രം); My India (1952); Jungle Lore (1953); The Temple Tiger and More Man-eaters of Kumaon (1954); My Kumaon: Uncollected Writings. (Oxford University Press, 2012)

1948-ൽ ‘കുമയൂൻ കുന്നുകളിലെ നരഭോജികൾ‘ എന്ന പുസ്തകത്തെ ആധാരമാക്കി ‘മാൻ ഈറ്റർ ഓഫ് കുമയോൺ’ എന്ന പേരിൽ ബൈറോൺ ഹസ്കിൻ സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങി. ബിബിസിയുടെ ‘മാൻ ഈറ്റേഴ്‌സ് ഓഫ് ഇന്ത്യ’, ‘കിങ്‌ഡം ഓഫ് ദി ടൈഗർ’ എന്നീ ഡോക്യൂമെന്ററികളും ഈ പുസ്തകത്തെ അടിസ്ഥാന മാക്കിയുള്ളതാണ്.

‘മൈ ഇന്ത്യ’ എന്ന ലളിതവും ഹൃദ്യവുമായ പുസ്തകത്തില്‍ ജിം കോര്‍‌ബറ്റ് ഭാരതത്തിലെ ഗ്രാമീണജീവിതത്തിന്റെ ഒരു ചിത്രം വരക്കുന്നു.

1955 ഏപ്രിൽ 19-ന്, 79-ാം വയസ്സിൽ, അദ്ദേഹം അവിടെ അന്തരിച്ചു.

വാലറ്റം: അമിതാബ് ബച്ചനെ നായകൻ ആക്കി ജിം കോർബട്ടിൻ്റെ ജീവിതം പ്രിയദർശൻ സിനിമ ആക്കാൻ ഒരു പ്രോജറ്റ് ഇട്ടു എങ്കിലും ആ പദ്ധതി നടന്നില്ല. മുടങ്ങിയത് നന്നായെന്നു തോന്നുന്നു! ഇല്ലങ്കിൽ, അതു ‘ശിക്കാരി ശംഭു’വിൻ്റെ കഥയായി മാറിയേനെ എന്നാണ് തോന്നുന്നത്!

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!