ടെൽ അവീവ്: ഹമാസിന്റെ സൈനിക വിഭാഗം മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ ഇസ്രയേൽ സൈന്യം (IDF) വധിച്ചു. ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഐഡിഎഫിന്റെ അവകാശവാദം. ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ അവശേഷിച്ച അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളാണ് ഇതോടെ ഇല്ലാതായതെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. മൂന്ന് ഇസ്രയേലി യുദ്ധവിമാനങ്ങൾ ഒരേസമയം എത്തി 13 ബോംബുകൾ വർഷിച്ചാണ് ഹദ്ദാദ് താമസിച്ചിരുന്ന അപ്പാർട്ട്മെന്റും വാഹനങ്ങളും തകർത്തത് എന്നാണ് റിപ്പോർട്ടുകൾ.
2025 മേയ് മാസത്തിൽ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹദ്ദാദ് ഹമാസിന്റെ സൈനിക തലവനായി ചുമതലയേറ്റത്. തകർച്ച നേരിട്ട ഹമാസിനെ മുന്നിൽ നിന്ന് നയിച്ച് ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങൾ ഏകോപിപ്പിച്ചത് ഇയാളായിരുന്നു. ഇസ്രയേലിലെ സാധാരണക്കാർക്കും സൈനികർക്കുമെതിരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്‌തതിൽ ഹദ്ദാദിന് പങ്കുണ്ടെന്ന് ഇസ്രയേൽ പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഇസ്രയേലിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ബന്ദികളെ പാർപ്പിച്ചിരുന്ന കേന്ദ്രങ്ങളുടെ പൂർണമായ നിയന്ത്രണം ഹദ്ദാദിനായിരുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേലിൻ്റെ തിരിച്ചടികളിൽ നിന്ന് രക്ഷപ്പെടാൻ ബന്ദികളെ ഇയാൾ മനുഷ്യ കവചമായി ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഹദ്ദാദിനൊപ്പം ഹമാസിന്റെ മറ്റ് രണ്ട് പ്രമുഖ നേതാക്കളും വ്യത്യസ്‌തമായ സൈനിക നീക്കങ്ങളിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.
1980 കളിൽ ഹമാസ് രൂപീകരണ കാലം മുതൽ സംഘടനയിൽ സജീവമായ വ്യക്തിയാണ് ഹദ്ദാദ്. ഏറ്റവും കൂടുതൽ കാലം ഹമാസിനായി പ്രവർത്തിച്ച മുതിർന്ന കമാൻഡർമാരിൽ ഒരാളായ ഇയാൾക്ക് സംഘടനയുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഹദ്ദാദിൻ്റെ മരണം ഹമാസിൻ്റെ സൈനിക ശേഷിക്കും നിലനിൽപ്പിനും ഏൽപ്പിച്ച ഏറ്റവും വലിയ ആഘാതമായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം ഗാസയിലെ സൈനിക നടപടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഗാസ, ലെബനൻ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ഇസ്രയേൽ ശക്തമായ സൈനിക ആക്രമണങ്ങളാണ് നടത്തിയത്. യു.എസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, വിവിധ മേഖലകളിൽ വ്യോമാക്രമണങ്ങളും വെടിവെപ്പും തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ ജെനിൻ (Jenin) ക്യാമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ പ്രത്യേക റെയ്ഡിൽ 34 വയസ്സുകാരനായ ഫലസ്തീൻ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഖലന്തിയ (Qalandia) അഭയാർത്ഥി ക്യാമ്പ് കേന്ദ്രീകരിച്ചും ഇസ്രയേൽ സൈന്യം വീടുകൾ കയറി പരിശോധനകളും അറസ്റ്റുകളും ശക്തമാക്കിയിട്ടുണ്ട്.
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0’; ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം അടുത്ത ആഴ്ച പുനരാരംഭിച്ചേക്കും

