Tuesday, June 23, 2026
Home » കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു
ജോർജ് കുര്യൻ

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു

by Editor

ന്യൂ ഡൽഹി: രാജ്യസഭാ കാലാവധി പൂർത്തിയായതിനാൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. രാജി രാഷ്ട്രപതി അംഗീകരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം പി ആയിരുന്നു അദ്ദേഹം. മൂന്നാം മോദി സർക്കാരിൽ ന്യൂനപക്ഷ കാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു അദ്ദേഹം.

ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന. 2024 ജൂണ്‍ 9-നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വഹക സമിതിയംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് കുര്യന്‍ ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭയിൽ വലിയൊരു പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാണ്. ജോർജ് കുര്യന്റെ രാജിയോടെ ഇതിനുള്ള ഒരുക്കങ്ങൾ ഔദ്യോഗികമായി ആരംഭിച്ചതായാണ് ഡൽഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിന് മുൻപായി ഈ പുനഃസംഘടന പൂർത്തിയാകാനാണ് സാധ്യത. ഭരണത്തിൽ കൂടുതൽ കാര്യക്ഷമതയും യുവത്വവും കൊണ്ടുവരുന്നതിനായി നിരവധി പുതിയ യുവനേതാക്കളെ മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടാകും വകുപ്പുകളുടെ പുനർവിന്യാസം നടക്കുക.

Send your news and Advertisements

You may also like

error: Content is protected !!