ദോഹ: ഖത്തറിലെ റാസ് ലഫാനിലുള്ള ബർസാൻ ഗ്യാസ് ഫാക്‌ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ചൊവ്വാഴ്ചയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അപകടത്തിൽ അർജുൻ ഉൾപ്പടെ 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. സ്ഫോടനത്തിൽ 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു. എന്നാൽ ആരുടെയും പരുക്ക് ഗുരുതരമല്ല.
റാസ് ലഫാൻ വ്യാവസായിക മേഖലയിൽ ഞായറാഴ്‌ച വൈകിട്ടാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട പ്ലാൻ്റിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം. ബർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. അറ്റക്കുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു. വ്യവസായ കേന്ദ്രത്തിന് പുറത്തേക്ക് വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ റാസ് ലഫാനിലെ ഇന്ധന ഉൽപാദനം ഖത്തർ നിർത്തിവച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തി. ഇതേ തുടർന്നാണ് പ്ലാൻ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ ശ്രമം തുടങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. സ്ഫോടനം പ്രകൃതിവാതക ഉൽപാദനത്തെ ബാധിക്കില്ലെന്നും ഖത്തർ അറിയിച്ചു. അപകടത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. ബർസാൻ പ്ലാൻ്റിൽ നിന്ന് പ്രതിദിനം ഏകദേശം 1.4 ബില്യൺ ക്യുബിക് അടി പ്രകൃതിവാതകം ഉൽപാദിപ്പിച്ചിരുന്നുവെന്നാണ് വിവരം.

