ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സുപ്രീംകോടതി മുൻ ജസ്‌റ്റിസ് കെ.ടി. തോമസ്, ജൻമഭൂമി പത്രത്തിന്റെ സഹസ്‌ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി. നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏറ്റുവാങ്ങി. രണ്ടാംഘട്ട അവാർഡ് വിതരണമാണ് നടന്നത്.
ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്‌പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ് ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. 1998-ൽ രാജ്യം മമ്മൂട്ടിയെ പദ്‌മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി.
പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങിയ നടന്‍ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഭാര്യ സുല്‍ഫത്ത്, മക്കളായ ദുല്‍ഖര്‍ സല്‍മാന്‍, സുറുമി, മരുമകള്‍ അമാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പത്മ പുരസ്‌കാര ചടങ്ങിന് ശേഷം മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു എന്ന് മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നരേന്ദ്ര മോദിക്ക് കൈ കൊടുത്ത് നില്‍ക്കുന്ന ചിത്രവും മോദി പങ്കുവച്ചിട്ടുണ്ട്.
ആകെ 65 പേർക്കാണ് രണ്ടാംഘട്ട പത്മ പുരസ്‌കാര വിതരണ ചടങ്ങിൽ ആദരവ് ലഭിച്ചത്. പത്മഭൂഷൺ ലഭിച്ച ഏഴു പേർക്ക് പുറമെ, 56 പേർ പത്മശ്രീ പുരസ്‌കാരങ്ങളും ചടങ്ങിൽ സ്വീകരിച്ചു. ആദ്യഘട്ടത്തിൽ പുരസ്കാരം വാങ്ങാൻ ബാക്കിയുണ്ടായിരുന്നവർക്കാണ് രണ്ടാംഘട്ട വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോൻ, ബഹിരാകാശ ശാസ്ത്രജ്‌ഞൻ ഡോ. എ.ഇ.മുത്തുനായകം, പരിസ്‌ഥിതി പ്രവർത്തനങ്ങളുടെ പേരിൽ കായംകുളം കണ്ടല്ലൂർ കൊല്ലകൽ ദേവകിയമ്മ എന്നിവർക്കാണു കേരളത്തിൽനിന്നു പത്മശ്രീ ലഭിച്ചത്. എറണാകുളത്തു ജനിച്ച എൻ.രാജത്തെ യുപിയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്.

