Wednesday, April 29, 2026
Home » ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു: 250 കടന്ന് മരണസംഖ്യ

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു: 250 കടന്ന് മരണസംഖ്യ

by Editor

ധാക്ക: ബംഗ്ലാദേശിൽ അതീവ ഗുരുതരമായ രീതിയിൽ അഞ്ചാംപനി (Measles) പടർന്നുപിടിക്കുന്നു. മാർച്ച് 15-ന് ശേഷം മാത്രം മരണസംഖ്യ 250 കടന്നു എന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. റിപ്പോർട്ടുകൾ പ്രകാരം രോഗബാധിതരായവരിൽ 91 ശതമാനവും 1 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളാണ്.

പ്രതിരോധ കുത്തിവെപ്പിലുണ്ടായ വൻ കുറവാണ് രോഗം ഇത്ര വേഗത്തിൽ പടരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മുൻ സർക്കാരിന്റെ വീഴ്ചയാണ് ഈ സാഹചര്യത്തിന് കാരണമെന്ന് ആരോപണമുണ്ട്. 2025-ൽ വാക്സിനേഷൻ നിരക്ക് 59.6 ശതമാനമായി കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. രോഗവ്യാപനം തടയാൻ ബംഗ്ലാദേശ് സർക്കാർ ആറ് മാസം പ്രായമുള്ള കുട്ടികൾക്ക് വരെ അടിയന്തര വാക്സിനേഷൻ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. 64 ജില്ലകളിൽ 58-ലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകുന്നു.

രോഗവ്യാപനത്തിന് കാരണമായ ഭരണപരമായ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനും ഇടക്കാല സര്‍ക്കാരിലെ മറ്റ് അംഗങ്ങള്‍ക്കും എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷകനായ എം. അഷ്റഫുൾ ഇസ്ലാമാണ് ഹർജി നൽകിയത്. മുഹമ്മദ് യൂനുസ്, ആസിഫ് നസ്രുൾ, സയ്യിദ റിസ്വാന ഹസൻ ഉൾപ്പെടെയുള്ള മുൻ ഉപദേഷ്ടാക്കൾ രാജ്യം വിടുന്നത് തടയണം, സർക്കാർ നിയന്ത്രണത്തിലായിരുന്ന വാക്‌സിനേഷൻ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള നീക്കം ദുരൂഹവും നിയമവിരുദ്ധവുമാണ്, വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം എന്നിങ്ങനെയാണ് ഹർജിയിലെ പ്രധാന ആരോപണങ്ങൾ. വിഷയം ഗൗരവമായി പരിഗണിച്ച കോടതി, രോഗവ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ നിലവിലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രോഗം അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് (ഏകദേശം 93%) രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഇടിമിന്നലേറ്റ് 10 വയസുകാരനുൾപ്പെടെ 14 പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം. മരിച്ചവരിൽ 10 വയസുകാരനും ഉൾപ്പെടുന്നു. ഇടിമിന്നലേറ്റവരിൽ ഭൂരിഭാഗം പേരും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരും തുറന്ന പ്രദേശങ്ങളിൽ കുടുങ്ങിയ മറ്റ് തൊഴിലാളികളുമാണെന്ന് അധികൃതർ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!