Tuesday, April 28, 2026
Home » നിതിൻ രാജിൻ്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു; വാഹനങ്ങൾ തടഞ്ഞു.
നിതിൻ രാജിൻ്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു; വാഹനങ്ങൾ തടഞ്ഞു.

നിതിൻ രാജിൻ്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു; വാഹനങ്ങൾ തടഞ്ഞു.

by Editor

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹർത്താലിൽ പലയിടത്തും സംഘർഷം. വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും തലസ്ഥാന നഗരത്തിലടക്കം ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു.

‘ജസ്റ്റിസ് ഫോർ നിതിൻ രാജ്’ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 52 ദളിത്-ആദിവാസി സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിൻ്റെ കുടുംബത്തിന് നഷ്ട‌പരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിൻ്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂർ, കനിയാപുരം, കൊച്ചി, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത പ്രതിഷേധം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ടിയിരുന്ന ഒരു സ്ത്രീയെ പൊലീസ് ബസിൽ നിന്ന് ഇറക്കി സ്വന്തം ജീപ്പിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. കണ്ണൂർ പഴയങ്ങാടിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. സ്വകാര്യ ബസുകളടക്കം പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നതിനാൽ പലയിടത്തും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. അധ്യാപകരുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നിതിന്റെ കുടുംബം ആരോപിക്കുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ ഡോ. എം. കോദണ്ഡ രാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിക്കുകയും അവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയും ചെയ്തിട്ടുണ്ട്.

വിദ്യാലയത്തിലെ ജാതിവെറിയന്മാർ

Send your news and Advertisements

You may also like

error: Content is protected !!