Tuesday, April 28, 2026
Home » അഫ്ഗാനിലെ സര്‍വകലാശാലയ്‌ക്ക് നേരെ പാക്കിസ്ഥാന്റെ ആക്രമണം; ഏഴു മരണം.

അഫ്ഗാനിലെ സര്‍വകലാശാലയ്‌ക്ക് നേരെ പാക്കിസ്ഥാന്റെ ആക്രമണം; ഏഴു മരണം.

by Editor

കാബുൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുള്ള സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി സർവകലാശാലയ്ക്ക് നേരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയുടെ തലസ്ഥാനമായ അസദാബാദിലാണ് (Asadabad) ആക്രമണം നടന്നത്. ഈ സൈനിക നടപടിയിൽ 75-ഓളം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർത്ഥികളും അധ്യാപകരും ഉണ്ടായിരുന്ന സമയത്താണ് സർവകലാശാലയ്ക്ക് നേരെ ആക്രമണമുണ്ടായത്.

പാക് സൈന്യം സർവകലാശാലയ്ക്കും സമീപത്തെ ജനവാസ മേഖലകൾക്കും നേരെ മോർട്ടാറുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി അഫ്ഗാൻ ഭരണകൂടം ആരോപിക്കുന്നു. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റവരിൽ 30 പേർ സർവകലാശാലാ വിദ്യാർത്ഥികളാണ്. ഒരു പ്രൊഫസർക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ സർവകലാശാലാ കെട്ടിടങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കം അഫ്ഗാനിസ്ഥാൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.

ഈ നീക്കത്തെ “മാപ്പർഹിക്കാത്ത യുദ്ധക്കുറ്റം” എന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്രാത്ത് വിശേഷിപ്പിച്ചു. ഇത് മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന അധിനിവേശ നടപടിയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം കുറ്റപ്പെടുത്തി. എന്നാല്‍, സര്‍വകലാശാലയ്‌ക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണം പാക്കിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം നിഷേധിച്ചിരിക്കുകയാണ്. അതിർത്തി തർക്കത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച്‌ചകളിൽ കാബൂളിലെ മയക്കുമരുന്ന് വിമുക്ത കേന്ദ്രത്തിന് നേരെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് പാക്കിസ്ഥാൻ്റെ വാദം. ചൈനയുടെ മധ്യസ്ഥതയിൽ ഏപ്രിൽ ആദ്യവാരം നടന്ന സമാധാന ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രധാന അതിർത്തി സംഘർഷമാണിത്. ഫെബ്രുവരിയിൽ ആരംഭിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ഇതിനകം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!