Tuesday, April 28, 2026
Home » സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും

by Editor

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാര്‍ (Free Trade Agreement – FTA) 2026 ഏപ്രിൽ 27-ന് ഒപ്പുവച്ചു. വിദേശ വ്യാപാര രംഗത്തെ സുപ്രധാന നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു. യുഗങ്ങളില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന ഒന്നാണ് ഇത്തരമൊരു കരാറെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ മൂന്നാം സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ ഉയരുമ്പോൾ 140 കോടി ജനങ്ങളുള്ള ഇന്ത്യൻ വിപണിയിൽ ന്യൂസിലൻഡ് കയറ്റുമതിക്കാർക്കു വൻ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയലും ന്യൂസിലന്‍ഡ് വ്യവസായ മന്ത്രി ടോഡ് മക്‌ക്ലേയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വ്യാപാരങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഉള്‍പ്പെടെ വ്യാപാര കരാര്‍ സഹായകമാകും. വിശ്വസ്തതയിലൂന്നിയ ഒരു വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. നിക്ഷേപകരോട് അനുകൂല മനോഭാവം പുലര്‍ത്തുന്ന അന്തരീക്ഷം രാജ്യത്താകെ സൃഷ്ടിക്കപ്പെടും. ഇരുരാജ്യങ്ങള്‍ക്കും വളര്‍ച്ചയും പുരോഗതിയും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറിലെ പ്രധാന നേട്ടങ്ങൾ

* തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, തുകൽ, പാദരക്ഷകൾ തുടങ്ങി 8,284 ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ ഇനി ഇറക്കുമതി തീരുവ നൽകേണ്ടതില്ല.
* വർഷംതോറും 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താത്കാലിക തൊഴിൽ വിസ അനുവദിക്കും (പരമാവധി 5,000 വിസകൾ വരെ). കൂടാതെ, ഓരോ വർഷവും ഇന്ത്യക്കാർക്കായി 1,000 വർക്ക് ആൻഡ് ഹോളിഡേ വിസകളും നൽകും.
* ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ന്യൂസിലൻഡിൽ പഠനത്തോടൊപ്പം ആഴ്ചയിൽ 20 മുതൽ 25 മണിക്കൂർ വരെ ജോലി ചെയ്യാൻ അവസരം ലഭിക്കും.
* അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡ് ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷം കോടി രൂപ (2,000 കോടി ഡോളർ) നിക്ഷേപം നടത്തും.
* ഐടി, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ വിപണി ലഭിക്കും. കൂടാതെ, ആയുർവേദം പോലുള്ള ആയുഷ് ചികിത്സാ രീതികൾക്ക് ന്യൂസിലൻഡ് അംഗീകാരം നൽകുകയും ചെയ്യും

Send your news and Advertisements

You may also like

error: Content is protected !!