ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 മരണം. അപകടത്തിൽ 84 പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന കമ്മ്യൂട്ടർ ട്രെയിനിന്റെ പുറകിൽ ദീർഘദൂര ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്.
ലെവൽ ക്രോസിംഗിൽ വെച്ച് ഒരു ടാക്സി കമ്മ്യൂട്ടർ ട്രെയിനിൽ തട്ടിയതിനെത്തുടർന്ന് ട്രെയിൻ ട്രാക്കിൽ കുടുങ്ങുകയായിരുന്നുവെന്നും, പിന്നാലെ വന്ന അർഗോ ബ്രോമോ അംഗ്രെക് (Argo Bromo Anggrek) എന്ന അതിവേഗ ദീർഘദൂര ട്രെയിൻ ഇതിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും റെയിൽവേ വക്താക്കൾ അറിയിച്ചു. തകർന്നുപോയ കംപാർട്ടുമെന്റുറുകളിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നത് വളരെ പ്രയാസമേറിയ പ്രക്രിയയാണെന്ന് ഇന്തോനേഷ്യൻ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി മുഹമ്മദ് സ്യാഫി ചൊവ്വാഴ്‌ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തകർന്ന കോച്ചുകളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ അഗ്നിശമന സേനാംഗങ്ങൾ കട്ടറുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന കമ്പനിയായ വിൻഗ്രൂപ്പിൻ്റെ കീഴിലുള്ള ഗ്രീൻ എസ്എം ഇന്തോനേഷ്യ എന്ന കമ്പനിയുടേതാണ് അപകടത്തിൽപ്പെട്ട ടാക്‌സി. സംഭവത്തിൽ ഇന്തോനേഷ്യൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി അന്വേഷണം ആരംഭിച്ചു.

