ന്യൂ ഡൽഹി: റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിലാണ് തീരുമാനം. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന-വ്യക്തിഗത വായ്പാ പലിശ നിരക്ക് കുറയും. അതുവഴി എല്ലാം വായ്പകളുടേയും തിരിച്ചടവ് തവണ തുകയിലും മാറ്റം വരും. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നതു ജനങ്ങൾക്കു വൻ ആശ്വാസമാകും.
ആർബിഐയിൽ നിന്നുള്ള മൂന്ന് അംഗങ്ങളും മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്നതാണ് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ 11 യോഗത്തിൽ ഇത് മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വെല്ലുവിളികൾ തുടരുകയാണെന്നും ചരിത്രത്തിലാദ്യമായി വളർച്ച ശരാശരിയേക്കാൾ താഴേയാണെന്നും സഞ്ജയ് മൽഹോത്ര യോഗത്തിന് ശേഷം ചൂണ്ടിക്കാട്ടി. മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 6.4% ആയിരിക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
കേന്ദ്ര ബജറ്റിൽ ആദായനികുതിഭാരം കുറച്ചതിനു തൊട്ടുപിന്നാലെയാണ് വായ്പകളുടെ പലിശഭാരവും കുറയുകയെന്നത് ജനങ്ങൾക്ക് നേട്ടമാണ്.