85
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗനിർണയത്തിനായി അയച്ച ശരീരഭാഗങ്ങൾ കാണാതായ സംഭവത്തിൽ ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ. ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന അജയകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ശസ്ത്രക്രിയ കഴിഞ്ഞവരുടെ തുടർചികിത്സയ്ക്കായുള്ള നിർണായകമായ സ്‌പെസിമെനുകളാണ് കാണാതായത്. ആശുപത്രിയിലെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം എടുത്ത സാമ്പിളുകൾ ആരോഗ്യപ്രവർത്തകർ ചെറിയ പ്ലാസ്റ്റിക് ടിന്നുകളിൽ സൂക്ഷിച്ചിരുന്നെങ്കിലും, അവയെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിലയിരുത്തൽ.
സംഭവത്തെ തുടർന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നും പരിശോധനാ നടപടികൾ കൂടുതൽ കർശനമാക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.