Friday, July 18, 2025
Mantis Partners Sydney
Home » ‘മിഷന്‍ 41’ സീറ്റുമായി ബിജെപി
'മിഷന്‍ 41' സീറ്റുമായി ബിജെപി

‘മിഷന്‍ 41’ സീറ്റുമായി ബിജെപി

by Editor

കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മൂന്ന് ജില്ലാ കമ്മിറ്റികള്‍ വീതം നിലവില്‍ വരും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് ജില്ലാ പ്രസിഡന്റുമാരും മറ്റ് ജില്ലകളില്‍ രണ്ട് ജില്ലാ പ്രസിഡന്റ്മാരും വരും. മറ്റ് 7 ജില്ലകള്‍ക്ക് രണ്ട് ജില്ലാ കമ്മിറ്റികള്‍ വീതമാണുണ്ടാകുക. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഓരോ കമ്മിറ്റികള്‍ തന്നെ തുടരും. ജനുവരിയോടെ പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വരും. തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനിൽ ഭരണം പിടിക്കുന്നത് ലക്ഷ്യം വെച്ചായിരുന്നു ഇന്നത്തെ ബിജെപി കോർ കമ്മിറ്റി യോഗത്തിലെ ചര്‍ച്ച.

നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റ് എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോർ കമ്മിറ്റി യോഗം സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ഡോ. കെ എസ് രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനെയും കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി എന്നുള്ളതും ഇന്നത്തെ യോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ്.

ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് കൂടുതല്‍ ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങൻ നൽകരുതെന്നും തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാർക്ക് പുറമെ വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ഡോ. കെ. എസ്. രാധാകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ എന്നിവരും പങ്കെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!