മന്നം ജയന്തി… അനഭിമതരൊക്കെ സുകുമാരസവിധത്തിൽ അല്ല മന്നം സമാധിയിലെത്തിയതും ഉദ്ദേശ്യ ലക്ഷ്യങ്ങളുമൊക്കെ വാർത്തയിൽ നിറഞ്ഞുനില്ക്കുന്നു. ഈ പൊതുഅവധിയും കരയോഗാംഗങ്ങളിൽ നിന്നും പിരിവെടുത്ത് നടത്തുന്ന ആഘോഷങ്ങളും മന്നത്തിന്റെ ആദർശങ്ങൾ പാലിയ്ക്കപ്പെടുന്നുണ്ടോ എന്നതല്ല മന്നം ജയന്തിയുടെ പൊതുഅവധി എന്നെ ഒരിയ്ക്കൽ ഔദ്യാഗികമായി രക്ഷിച്ചതാണ് ഞാനോർക്കുന്നത്.
അടൂരിൽ ജോലി ചെയ്യുന്ന കാലം. ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യാൻ തുടങ്ങി. സാധാരണ പ്രവർത്തകർ വന്ന് കൃത്യമായി കാര്യങ്ങൾ മനസിലാക്കി ലിസ്റ്റ് വച്ച് അപ് ലോഡ് ചെയ്യും. ഇരുഭാഗത്തും വലിയ വിഷയമില്ലാതെ കാര്യം കഴിയും. അവിടുത്തെ ഒരു പ്രാദേശികനേതാവ്, കാണുമ്പോഴൊക്കെ മിനിസ്റ്ററുമായുള്ള ബന്ധത്തെപ്പറ്റി ഓർമ്മിപ്പിയ്ക്കും. ഒരിയ്ക്കൽ ഈ നേതാവ്, ഭാരവാഹിയായി ഒരു യൂണിയൻ രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷിച്ചു. യാതൊരു മാനദണ്ഡവും പാലിയ്ക്കാതെയുള്ള അപേക്ഷ, ഫീസ് മാത്രം ഒടുക്കിയിട്ടുണ്ട്. അപാകതകൾ എണ്ണിപ്പെറുക്കി പരിഹരിയ്ക്കാനും രജിസ്റ്ററുകൾ നേരിട്ട് ഹാജരാക്കാനും തീയതി നല്കി. മറുപടിയായി വിളിയാണ് വന്നത്. മിനിസ്റ്റർ മുതലുള്ള ബന്ധം പതിവ് പോലെ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ശരിയാക്കാമെന്ന് പറഞ്ഞു.
എവിടെ, പുള്ളി എല്ലാമറിയുന്ന ആളല്ലേ. അതിനിടയിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ അടിയന്തിരപരിശോധന ഉൾപ്പെടെയുള്ള പണികൾ നേരിട്ടും അല്ലാതെയും തന്നു. ഹിയറിംഗിന് വരാഞ്ഞ് ഓർമ്മക്കുറിപ്പ് പോലെ ഇവിടുന്നും മുറയ്ക്ക് പോയി. ഒടുവിൽ കൃത്യമായ കാരണങ്ങൾ കാണിച്ച് അപേക്ഷ നിരസിച്ചു. അടൂർ നിന്നും സ്ഥലം മാറ്റമായി, സ്ഥാനക്കയറ്റമായി… അങ്ങനെയിരിയ്ക്കേ ടിയാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു, സർക്കാരിനേയും ലേബർ കമ്മീഷണറേയും ഓഫീസറേയും പ്രതി ചേർത്ത്. പറയാനുള്ളത് കൃത്യമായി സത്യവാങ്മൂലം നല്കണം. ആവശ്യപ്പെട്ട പ്രകാരം കൃത്യമായി രേഖകൾ ഹാജരാക്കിയിട്ടും നിക്ഷിപ്ത താത്പര്യത്താൽ നിരസിച്ചുവെന്നാണ് ആരോപണം.
ഹൈക്കോടതിയല്ലേ, സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് നല്കുമ്പോൾ ശ്രദ്ധിയ്ക്കണം. പെറ്റീഷൻ നന്നായി പരിശോധിച്ചു. രേഖകൾ ഹാജരാക്കിയ തീയതി നോക്കി, ഹിയറിംഗ് വയ്ക്കുന്ന ബുധനാഴ്ചയാണ് കൊണ്ടു വന്നെന്ന് പറയുന്നത്, ഓഫീസറില്ലാത്തതിനാൽ നിർദ്ദേശപ്രകാരം സ്റ്റാഫിനെ ഏല്പിച്ച് പോയത്രേ. അംഗത്വ രജിസ്റ്റർ, മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള അസൽ രേഖകളാണ്. പണി കിട്ടിയത് തന്നെ. ഒന്ന് കൂടി മനസിരുത്തി വായിച്ചു, ജനുവരി രണ്ടാം തീയതി രാവിലെ 11 മണിയ്ക്കാണ് രേഖകൾ സമർപ്പിച്ചിരിയ്ക്കുന്നത്.
ങേ…ജനു. രണ്ട്…!!
മന്നം ജയന്തി ആ വർഷം, പൊതു അവധിയായത് നേതാവും വക്കീലും ശ്രദ്ധിച്ചിരുന്നില്ല ?…
നിയമപ്രകാരം അപേക്ഷ തരാൻ നിർദ്ദേശമുണ്ടാകണമെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് താക്കീത് നല്കാൻ ദയവുണ്ടാകണമെന്നും സത്യവാങ്മൂലം നല്കി. എന്തൊരാശ്വാസം.
ഗീത, സിറ്റിസൺ ജേർണലിസ്റ്റ്