മലയാള ചലച്ചിത്രത്തിന് ശാസ്ത്രീയ സംഗീതത്തിന്റെ ലയമാധുര്യം നൽകി പാട്ടിന്റെ പാലാഴി തീർത്ത സംഗീതചക്രവർത്തി. ആറു പതിറ്റാണ്ടുകാലത്തെ സംഗീത സപര്യയിൽ നാല് തലമുറയ്ക്ക് സംഗീതം നൽകാൻ കഴിഞ്ഞ സംഗീതകുലപതിയെന്ന് മലയാള ചലച്ചിത്ര ഗാനശാഖ അടയാളപ്പെടുത്തിയ പേര്.
1950 ജനുവരി 14 -ന് പുറത്തിറങ്ങിയ നല്ലതങ്ക എന്ന ചിത്രത്തിൽ അഗസ്റ്റിൻ ജോസഫിന് …..ജീവിതം ഈ വിധമോ എന്നു തുടങ്ങുന്ന ഗാനം …. ദക്ഷിണാമൂർത്തി സ്വാമിയുടെ ആദ്യ ഗാനം കൂടിയാണിത്.
1962 ഒക്ടോബർ 5 -ന് റിലീസായ വിധി തന്ന വിളക്ക് എന്ന ചിത്രത്തിലൂടെ യേശുദാസിന് ...ചുണ്ടിൽ മന്ദഹാസം എന്നു തുടങ്ങുന്നത് ….
1987 ഏപ്രിൽ 16 -ന് റിലീസായ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിലൂടെ വിജയ് യേശുദാസിന് .… കരാഗ്രേ വസതേ ലക്ഷ്മി എന്ന ശ്ലോകം..
2008-ൽ റിലീസായ ശ്യാമരാഗം എന്ന ചിത്രത്തിൽ വിജയ് യേശുദാസിന്റെ മകൾ അമേയയെക്കൊണ്ടും ...രാമാ രവി കുല എന്നു തുടങ്ങുന്നത് …..
സ്വാമിയുടെ ആദ്യഗാനം അഗസ്റ്റിൻ ജോസഫിനായിരുന്നെങ്കിൽ അവസാനമായി ചെയ്ത ഗാനം അമേയയ്ക്കും. അങ്ങനെ തുടക്കത്തിനും ഒടുക്കത്തിനുമൊരു പ്രത്യേകതയായി. ഇത്രയും പറഞ്ഞു വന്നത് ഇന്ന് ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മദിനമോ ജന്മദിനമോ ആയിട്ടല്ല. നാലു തലമുറയുടെ കാര്യം പറഞ്ഞു വന്നതിൽ മൂന്നാം തലമുറയിലെ വിജയ് യേശുദാസ് പാടിയ ആദ്യഗാനം പുറത്തുവന്ന ദിവസമാണിന്ന് എന്നതിനാലാണ്.
അതാണോ പ്രാധാന്യം എന്നു ചോദിക്കരുത് അതു മാത്രമല്ല. ആ വിശേഷങ്ങൾക്കൊപ്പം ‘ശുദ്ധസാരംഗ് രാഗത്തിൽ ദക്ഷിണാമൂർത്തി സ്വാമി സമ്മാനിച്ച മികവുറ്റ ഒരു ഗാനം ഈ ചിത്രത്തിലുണ്ട്. കേട്ടാലും കേട്ടാലും മടുപ്പ് തോന്നാത്തത്.
“വാതിൽപ്പഴൂതിലൂടെൻ മുന്നിൽ
കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകെ
അതിലോലമെൻ ഇടനാഴിയിൽ നിൻ
കള മധുരമാം കാലൊച്ച കേട്ടു..”
ഒ.എൻ.വി.സാറിന്റെ രചന, സ്വാമിയുടെ മികവുറ്റ സംഗീതം, യേശുദാസിൻ്റെ മികച്ച ആലാപനം. ഈ ഗാനവുമായി ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രം പുറത്തുവന്നത് 39 വർഷം മുൻപ് ഇതേ ദിവസമാണ്.
1987 ഏപ്രിൽ 16 … യേശുദാസ് ഭരണി സ്റ്റുഡിയോയിൽ ആദ്യം പാടിയെങ്കിൽ വിജയ് യേശുദാസ്, പ്രസാദ് റെക്കാർഡിംങ് തിയേറ്ററിലും ‘കരാഗ്രേ വസതേ ലക്ഷ്മി കരമദ്ധ്യേ സരസ്വതി’ എന്ന ശ്ലോകം.
നാലു തലമുറകൾക്ക്, അപൂർവ്വ ഭാഗ്യം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനീത്, കാർത്തിക, ജയഭാരതി, തിലകൻ, എം.ജി.സോമൻ എന്നിവർ അഭിനയിച്ചു. കഥയും സംഭാഷണവും ബാലചന്ദ്രൻ ചുള്ളിക്കാടും.
ഏറെ ഇഷ്ടപ്പെട്ട ചലച്ചിത്ര ഗാനങ്ങളിലൊന്ന്. മധുരമാം കാലൊച്ച ഇന്നും കേൾപ്പിച്ചുകൊണ്ടേയിരിക്കുന്നു.
മലയാളത്തിലെ ഇഷ്ടപ്പെട്ട ഗാനങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിൽ ഒന്നായി തിരഞ്ഞെടുക്കാൻ പലരും ആഗ്രഹിക്കുന്ന ഒരു ഗാനവും.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

