Thursday, May 14, 2026
Home » വിക്ടോറിയയിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടുത്തം.
വിക്ടോറിയയിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടുത്തം.

വിക്ടോറിയയിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടുത്തം.

by Editor

മെൽബൺ: വിക്ടോറിയയിലെ ജീലോങ്ങിലുള്ള വിവ എനർജി (Viva Energy) റിഫൈനറിയിൽ ബുധനാഴ്ച (ഏപ്രിൽ 15 ) രാത്രിയുണ്ടായ വൻ തീപിടുത്തം രാജ്യത്തെ ഇന്ധന വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക. ഓസ്‌ട്രേലിയയിലെ രണ്ട് പ്രധാന റിഫൈനറികളിൽ ഒന്നാണിത്. രാജ്യത്തെ ആകെ ഇന്ധനത്തിന്റെ 10 ശതമാനവും വിക്ടോറിയയിലെ പകുതിയിലധികം ആവശ്യങ്ങളും നിറവേറ്റുന്നത് ഈ റിഫൈനറിയാണ്. തീപിടുത്തത്തെത്തുടർന്ന് പെട്രോൾ ഉൽപ്പാദനം താൽക്കാലികമായി കുറഞ്ഞത് വിതരണത്തെ ബാധിച്ചേക്കാം.

സ്ഫോടന ശബ്ദ്‌ദത്തോടെ പടർന്ന തീ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. പെട്രോൾ ഉൽപ്പാദിപ്പിക്കുന്ന രണ്ട് പ്രധാന യൂണിറ്റുകളെയാണ് തീപിടുത്തം ബാധിച്ചത്. യന്ത്രത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്ലാൻ്റിലെ ഉൽപാദനം താൽക്കാലികമായി വെട്ടിക്കുറച്ചു.

ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ശുദ്ധീകരണശാലയിലുണ്ടായ അപകടം രാജ്യത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാകും. ഇന്ധനക്ഷാമം ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് ഊർജ മന്ത്രാലയം അറിയിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും സർക്കാർ അഭ്യർത്ഥിച്ചു. ഇന്ധന വിതരണം സുഗമമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!