Saturday, July 18, 2026
Home » ഇറാനിൽ ഏഴാം ദിവസവും കനത്ത യു എസ് ആക്രമണം, പാലങ്ങൾ ബോംബിട്ട് തകർത്തു; ഗൾഫ് മേഘലകളിൽ ആക്രമണം തുടർന്ന് ഇറാനും.

ഇറാനിൽ ഏഴാം ദിവസവും കനത്ത യു എസ് ആക്രമണം, പാലങ്ങൾ ബോംബിട്ട് തകർത്തു; ഗൾഫ് മേഘലകളിൽ ആക്രമണം തുടർന്ന് ഇറാനും.

by Editor

ടെഹ്റാൻ: ഇറാനിൽ ആക്രമണം ശക്തമാക്കി യു.എസ്. തുടർച്ചയായ ഏഴാം ദിവസവും അമേരിക്ക ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ തെക്കൻ തീരദേശ മേഖലകൾക്ക് പുറമെ യസ്ദ് (Yazd), സിരിക് (Sirik) തുടങ്ങിയ ഉൾപ്രദേശങ്ങളിലെ പ്രവിശ്യകളിലും വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്ത്രപ്രധാനമായ പാലങ്ങൾ, റെയിൽവേ ലൈനുകൾ, വിമാനത്താവളങ്ങൾ, സൈനിക ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് (US CENTCOM) പ്രധാനമായും ആക്രമണം നടത്തിയത്.

അമേരിക്കൻ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 46 പേർ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ഔദ്യോഗിക ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബന്ദർ ഖമീർ (Bandar Khamir) -ലെ തന്ത്രപ്രധാനമായ ഹൈവേ, റെയിൽവേ പാലങ്ങൾക്ക് നേരെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബ് ആക്രമണം നടത്തി. ബന്ദർ ഖമീറിലെ പാലങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മാത്രം ഏഴുപേർ മരിച്ചതായി ഇറാൻ മാധ്യമമായ IRNA റിപ്പോർട്ട് ചെയ്യുന്നു.

ചബഹാർ തുറമുഖത്തെ കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന പ്രധാന കൺട്രോൾ ടവർ യുഎസ് ആക്രമണത്തിൽ പൂർണ്ണമായി തകർന്നു. ഇറാന്റെ ഏറ്റവും വലിയ തുറമുഖ നഗരമായ ബന്ദർ അബ്ബാസ് റെയിൽവേ ജങ്ഷനുകൾക്ക് നേരെയും വൈദ്യുതി ലൈനുകൾക്ക് നേരെയും ആക്രമണമുണ്ടായി. ബന്ദർ അബ്ബാസ് തുറമുഖത്തെ ബാക്കി രാജ്യവുമായി ബന്ധിപ്പിക്കുന്ന 5 പ്രധാന പാലങ്ങളും റെയിൽവേ ട്രാക്കുകളും ആക്രമണത്തിൽ തകർന്നു. ഇത് ഇറാന്റെ ആഭ്യന്തര ചരക്കുഗതാഗതത്തെ പൂർണ്ണമായി സ്തംഭിപ്പിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖിഷം ദ്വീപിൽ എട്ടിലധികം വലിയ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടുത്തെ സൈനിക നിരീക്ഷണ കേന്ദ്രങ്ങളും തകർക്കപ്പെട്ടു. തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്വാസ് വ്യാവസായിക നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ യുഎസ് മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അഹ്വാസ് നഗരത്തിലെ ക്യാൻസർ രോഗികളെ ചികിത്സിക്കുന്ന ‘ഷഹീദ് ബഗേയ്’ ഹോസ്പിറ്റലിന്റെ പരിസരത്ത് യുഎസ് മിസൈലുകൾ പതിച്ചതിനെ തുടർന്ന് രോഗികളെ അടിയന്തിരമായി അവിടെനിന്ന് ഒഴിപ്പിക്കേണ്ടി വന്നു. കൂടാതെ ഇറാൻഷഹർ വിമാനത്താവളം (Iranshahr Airport), ബുഷെഹർ തുറമുഖം (Bushehr), ബന്ദർ ലെംഗെ (Bandar Lengeh), ലോറെസ്താൻ പ്രവിശ്യ എന്നിവടങ്ങളിലും അമേരിക്കൻ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

യുഎസ് നീക്കത്തിന് മറുപടിയായി ജോർദാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയതായി അവകാശപ്പെടുന്നുണ്ട്. വെള്ളിയാഴ്ച ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ആദ്യമായി നേരിട്ട് മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. കിഴക്കൻ സിറിയയിൽ യുഎസ് പ്രത്യേക ഓപ്പറേഷൻസ് കമാൻഡ് പ്രവർത്തിക്കുന്ന തന്ത്രപ്രധാനമായ ‘അൽ-തൻഫ്’ സൈനിക താവളം ലക്ഷ്യമാക്കിയാണ് ഇറാൻ ആക്രമണം നടത്തിയത്. സിറിയൻ സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം ഇറാന്റെ മിസൈലുകൾ അൽ-തൻഫ് താവളത്തിന് സമീപമാണ് പതിച്ചത്, താവളത്തിന് നേരിട്ട് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ജോർദാൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി, എന്നാൽ ഈ രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാന്റെ ഭൂരിഭാഗം മിസൈലുകളും ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടതായാണ് റിപ്പോർട്ടുകൾ. അമേരിക്ക തങ്ങളുടെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്വയം പ്രതിരോധ പരിധിക്കപ്പുറം ശത്രുവിനെ പൂർണ്ണമായി തകർക്കുന്ന തരത്തിലുള്ള പൂർണ്ണ തോതിലുള്ള സൈനിക ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ സൈനിക ഉപദേശകൻ മുന്നറിയിപ്പ് നൽകി. അതേസമയം ഇറാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിൽ ഇറാന്റെ പ്രധാന ഊർജ്ജ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള സിവിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തകർക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.

യുദ്ധം ചെങ്കടലിലേക്കും വ്യാപിക്കുമെന്ന് ഇറാൻ; ഇന്ത്യൻ നാവികരെ ഹോർമുസ് വഴി അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം

Send your news and Advertisements

You may also like

error: Content is protected !!