Friday, July 17, 2026
Home » യുദ്ധം ചെങ്കടലിലേക്കും വ്യാപിക്കുമെന്ന് ഇറാൻ; ഇന്ത്യൻ നാവികരെ ഹോർമുസ് വഴി അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം
യുദ്ധം ചെങ്കടലിലേക്കും വ്യാപിക്കുമെന്ന് ഇറാൻ

യുദ്ധം ചെങ്കടലിലേക്കും വ്യാപിക്കുമെന്ന് ഇറാൻ; ഇന്ത്യൻ നാവികരെ ഹോർമുസ് വഴി അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം

by Editor

വാഷിങ്ടണ്‍/ ന്യൂഡൽഹി: ഇറാനെതിരെ സൈനിക നടപടി വിപുലീകരിക്കുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നതിനിടെ യുദ്ധം ഇനി ഹോർമുസ് കടലിടുക്കിൽ മാത്രമായി ഒതുങ്ങില്ലെന്നും ചെങ്കടലിലേക്കും വ്യാപിക്കുമെന്ന് ഇറാന്റെ ഭീഷണി. അമേരിക്ക തങ്ങളുടെ പവർ ഗ്രിഡുകളും ഊർജ്ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം തുടർന്നാൽ, യെമനിലെ ഹൂതി വിമതരെ ഉപയോഗിച്ച് ചെങ്കടലിലെ പ്രധാന നാവിക പാതയായ ബാബ് അൽ-മന്ദേബ് (Bab al-Mandab Strait) പൂർണ്ണമായി ഉപരോധിക്കുമെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ, ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ 7% വരുന്ന ലോക എണ്ണ വിതരണം സൗദി അറേബ്യയിലെ കരമാർഗ്ഗമുള്ള പൈപ്പ്‌ലൈൻ വഴി ചെങ്കടലിലെത്തിച്ചാണ് നിലവിൽ കയറ്റി അയക്കുന്നത്. ചെങ്കടൽ കൂടി യുദ്ധഭൂമിയായാൽ ഈ ബദൽ മാർഗ്ഗവും പൂർണ്ണമായി അടയും. ഇറാന്റെയും ഹൂതികളുടെയും ഈ പുതിയ നീക്കം ആഗോള എണ്ണ വിപണിയെ വൻ പ്രതിസന്ധിയിലാക്കും. ചെങ്കടൽ അടയ്ക്കപ്പെട്ടാൽ കപ്പലുകൾക്ക് ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇത് ചരക്കുകൂലി വർദ്ധിക്കുന്നതിനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എണ്ണവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നതിനും കാരണമാകും.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഡോണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം യു.എസ് സൈന്യം തുടർച്ചയായ ആറാം ദിവസവും ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി. പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും തിരിച്ചടിക്കുന്നുണ്ട്. അതിനിടെ ഇറാനെതിരെ സൈനിക നടപടി വിപുലീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ശക്തമായ വ്യോമാക്രമണം മുതൽ ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം വരെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് ട്രംപിന്റെ പരിഗണനയിലുള്ളതെന്ന് ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.

വൈറ്റ് ഹൗസിൽ അടുത്തിടെ ചേർന്ന യോഗത്തിൽ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ‘പിക്കാക്സ് മൗണ്ടൻ’ തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ഉൾപ്പെടെ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള അബു മൂസ, ഗ്രേറ്റർ ടുൺബ്, ലെസ്സർ ടുൺബ് തുടങ്ങിയ മറ്റ് ദ്വീപുകൾ കൂടി കൈവശപ്പെടുത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇറാന്റെ സൈനിക നീക്കങ്ങളെ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ തന്ത്രപ്രധാന ദ്വീപുകൾ ലക്ഷ്യമിടുന്നത്.

അതേസമയം അമേരിക്ക ആക്രമണം തുടർന്നാൽ യെമനിലെ തങ്ങളുടെ സഖ്യ കക്ഷികളായ ഹൂതികളെ ഉപയോഗിച്ച് മറ്റൊരു സുപ്രധാന കപ്പൽ പാതയായ ബാബ അൽ മന്ദേഹ് കടലിടുക്ക് ഉപരോധിച്ച് ചെങ്കടൽ വഴിയുള്ള ആഗോള ഗതാഗതം തടസപ്പെടുത്താനാണ് ഇറാന്റെ നീക്കം. ഇറാന്റെ പുതിയ മുന്നറിയിപ്പ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സമുദ്ര ചോക്ക്പോയിന്റുകളായ ഹോർമുസ് കടലിടുക്കും ചെങ്കടലും ഒരേസമയം തടസപ്പെടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത് ആഗോള ഊർജ്ജ വിതരണത്തിനും വ്യാപാരത്തിനും വലിയ ഭീഷണി സൃഷ്ടിക്കും.

ഇന്ത്യൻ നാവികരെ ഹോർമുസ് വഴി അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികളോടും റിക്രൂട്ടിങ് ഏജൻസികളോടും കേന്ദ്ര സർക്കാർ നിർദേശിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് എക്സ്‌സിൽ പോസ്റ്റ് ചെയ്ത‌ അടിയന്തര സന്ദേശത്തിൽ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഇന്ത്യൻ നാവികരെ ഹോർമുസ് വഴി അയക്കരുതെന്നാണ് നിർദേശിച്ചിട്ടുള്ളത്.

അതിനിടെ ഖാർഗ് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്ന ഇറാൻ ടാങ്കർ ആക്രമിച്ച അമേരിക്ക ഇറാന്റെ തുറമുഖങ്ങളിൽ ഉപരോധം ശക്തമാക്കി. ചരക്കു കയറ്റാനായി ഇവിടേക്ക് എത്തിയ ടാങ്കറാണ് ആക്രമണത്തിനു ഇരായായത്. മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ അവഗണിച്ച് മുന്നോട്ടു വന്നതോടെയാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ്റെ എതിർപ്പ് മറികടന്ന് ഹോർമുസിലും അമേരിക്ക സാന്നിധ്യം ശക്തമാക്കി.

ഇറാനിൽ പകൽ സമയത്തും അമേരിക്കയുടെ വ്യോമാക്രമണം, മുപ്പതിലധികം മരണം; സൗദി- യു എസ് സേനാ തലവന്മാർ കൂടിക്കാഴ്ച നടത്തി.

Send your news and Advertisements

You may also like

error: Content is protected !!