Friday, July 17, 2026
Home » രോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; അഞ്ഞൂറിലധികം മരണം
രോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; അഞ്ഞൂറിലധികം മരണം

രോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; അഞ്ഞൂറിലധികം മരണം

by Editor

മ്യാൻമർ: ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞ് അഞ്ഞൂറിലധികം പേർ മരണപ്പെട്ടതായി ആശങ്ക. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും (UNHCR) അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (IOM) ചേർന്നാണ് ഈ ദാരുണ വിവരം പുറത്തുവിട്ടത്. ജൂൺ അവസാനത്തോടെ മ്യാൻമറിലെ സംഘർഷബാധിതമായ രാഖൈൻ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുമാണ് ഈ ബോട്ടുകൾ യാത്ര തിരിച്ചത്.

രണ്ട് ബോട്ടുകളിലായി 500 ലേറെ പേരുണ്ടായിരുന്നു. ഇവര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിക്കുന്നു. ഒരു ബോട്ടിൽ ഏകദേശം 250 പേരും രണ്ടാമത്തെ ബോട്ടിൽ 280 ഓളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. യാത്ര പുറപ്പെട്ടതിന് പിന്നാലെ 250 പേരുണ്ടായിരുന്ന ആദ്യ ബോട്ടുമായുള്ള ബന്ധം പൂർണ്ണമായി നഷ്ടപ്പെട്ടു. 280 യാത്രക്കാരുണ്ടായിരുന്ന രണ്ടാമത്തെ ബോട്ട് ജൂലൈ 8-ഓടെ മ്യാൻമറിലെ അയ്യർവാഡി (ഇരാവതി) തീരത്തിനടുത്ത് മുങ്ങിയതായാണ് വിവരം. മ്യാൻമറിലെ ആഭ്യന്തര യുദ്ധത്തിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാൻ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ലക്ഷ്യമാക്കിയാണ് ഇവർ സഞ്ചരിച്ചത്.

മ്യാൻമറിലെ വംശീയ അതിക്രമങ്ങളെ തുടർന്ന് 12 ലക്ഷത്തോളം രോഹിങ്ക്യൻ അഭയാർത്ഥികളാണ് ബംഗ്ലാദേശിലെ കോക്സ് ബസാർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെയുള്ള പരിമിതമായ സാഹചര്യങ്ങളും മ്യാൻമറിലെ വർദ്ധിച്ചുവരുന്ന ആഭ്യന്തര യുദ്ധവുമാണ് ഇവരെ മരണസാധ്യതയേറിയ ഇത്തരം സമുദ്രയാത്രകൾക്ക് പ്രേരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നായാണ് ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലും അറിയപ്പെടുന്നത്. കനത്ത മൺസൂൺ മഴയും കടലിലെ പ്രതികൂല കാലാവസ്ഥയുമാണ് ബോട്ടുകൾ മുങ്ങാൻ കാരണമായത്. സാധാരണയായി ഈ സമയങ്ങളിൽ അഭയാർത്ഥികൾ കടൽയാത്ര നടത്താറില്ല.

 

 

Send your news and Advertisements

You may also like

error: Content is protected !!