ചണ്ഡീഗഢ്: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് (ജൂലൈ 17-ന്) ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഈ ചരിത്രപരമായ ഹരിത ട്രെയിൻ സർവീസിന് തുടക്കം കുറിച്ചത്. ‘നമോ ഗ്രീൻ റെയിൽ’ (Namo Green Rail) എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്തെ വലിയൊരു നാഴികക്കല്ലാണ്. ഈ നേട്ടത്തോടെ ജർമനി, ഫ്രാൻസ്, ജപ്പാൻ, ചൈന, യു.എസ്. എന്നീ രാജ്യങ്ങൾക്ക് ശേഷം ലോകത്ത് വിജയകരമായി ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
ഹരിയാനയിലെ ജിന്ദ് – സോനിപത് സ്റ്റേഷനുകൾക്കിടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. 89 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ ഒരു ദിവസം രണ്ട് സർവീസുകൾ ഉണ്ടായിരിക്കും. ജിന്ദിൽ നിന്ന് സോനിപത് വരെയുള്ള യാത്രയ്ക്ക് 25 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് നിലവിൽ സർവീസ് നടത്തുകയെങ്കിലും, പരമാവധി 110 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും.
2026 മെയ് മാസത്തിലാണ് രാജ്യത്തെ ആദ്യ 10 കോച്ചുകളുള്ള ഹൈഡ്രജൻ ഡിഇഎംയു ട്രെയിന് റെയിൽവേ ബോർഡ് അനുമതി നൽകിയത്. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ‘ഹൈഡ്രജൻ ഫ്യൂവൽ സെൽ’ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. പുകയോ മറ്റ് മലിനീകരണമോ ഉണ്ടാക്കാത്ത ഈ എൻജിനിൽ നിന്ന് പുറന്തള്ളുന്നത് വെറും ജലബാഷ്പം (Water vapour) മാത്രമാണ്.
89 കോടി ചെലവിൽ ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ട്രെയിനിനായി ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉൽപ്പാദന കേന്ദ്രവും റീഫ്യൂവലിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 27 ഹൈഡ്രജൻ സിലിണ്ടറുകളുള്ള ട്രെയിന് ഒറ്റത്തവണ ഇന്ധനം നിറച്ചാൽ ഏകദേശം 250 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് യാത്രാ കോച്ചുകളും ഉൾപ്പെടുന്ന 10 കോച്ചുകളുള്ള ഈ ട്രെയിൻസെറ്റിൻ്റെ മൊത്തം വൈദ്യുത ശേഷി 2,400 കിലോവാട്ടിനടുത്താണ്. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചതും പരിവർത്തനം ചെയ്‌തതുമാണ് ഈ ട്രെയിൻ. ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ നേട്ടമാണിതെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു.

