ഇന്ന് കർക്കടകം ഒന്ന്. ഭക്തിയുടെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കടക മാസം. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികള്‍ നിറഞ്ഞ പ്രഭാതങ്ങളാണിനി ഓരോ വീടുകളിലും. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം ഇന്നു മുതല്‍ ഒരു മാസം രാമായണ പാരായണം നടക്കും. സന്ധ്യാസമയങ്ങളിൽ വീടുകളിൽ നിലവിളക്ക് കൊളുത്തിവെച്ച് തുഞ്ചത്ത് എഴുത്തച്ഛന്റെ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ ഭക്തിപുരസ്സരം വായിക്കുന്നു. കർക്കടകം അവസാനിക്കുന്നതോടെ വായന പൂർത്തിയാക്കണം.
ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. താളും തകരയും ഉള്‍പ്പെടെ ഇലക്കറികള്‍ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം. രോഗങ്ങളെ പ്രതിരോധിക്കാന്‍ മനസ്സിനും ശരീരത്തിനും പരിചരണം നല്‍കുന്ന കാലം കൂടിയാണ് കര്‍ക്കടക മാസം.
കള്ളക്കര്‍ക്കടകം എന്നും പഞ്ഞകര്‍ക്കിടകം എന്നും കര്‍ക്കടകത്തിന് വിളിപ്പേരുകളുണ്ട്. കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ ‘മഴക്കാല രോഗങ്ങൾ’ ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു. കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.
രാമായണ മാസമായ കർക്കടകത്തിൽ ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം നടത്തുന്ന തീർത്ഥാടനമാണ് നാലമ്പല ദർശനം. ഈ നാല് ക്ഷേത്രങ്ങളിലും ഒരൊറ്റ ദിവസം കൊണ്ട് ഉച്ചപൂജയ്ക്ക് മുൻപായി ദർശനം പൂർത്തിയാക്കുന്നത് വലിയ പുണ്യവും ഐശ്വര്യവും നൽകുമെന്നാണ് ഭക്തരുടെ വിശ്വാസം.
ശ്രീരാമചന്ദ്രൻ്റെ ജീവിതം പകർന്നുതരുന്ന ധർമ്മം, കാരുണ്യം, ത്യാഗം, നീതി തുടങ്ങിയ ഉദാത്തമായ മൂല്യങ്ങളെ നെഞ്ചേറ്റാനും പ്രാർത്ഥനയിലും ഭക്തിയിലും മുഴുകാനുമുള്ള പുണ്യകാലമാണിത്. വീടുകളിൽ മുഴങ്ങുന്ന അദ്ധ്യാത്മരാമായണ പാരായണം ഏവർക്കും സമാധാനവും ജ്ഞാനവും ഐശ്വര്യവും മനക്കരുത്തും പ്രധാനം ചെയ്യട്ടെ. എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ രാമായണ മാസ ആശംസകൾ!

