ബാഗ്‌ദാദ്: ഹോർമുസ് കടലിടുക്ക് നിരന്തരം സംഘർഷങ്ങൾക്ക് വേദിയാകുന്നതിനിടെ ഇറാഖിലെ കിർക്കുക്കിൽ നിന്ന് സിറിയയിലെ ബനിയാസ് തുറമുഖം വരെയുള്ള ‘കിർക്കുക്ക്-ബനിയാസ്’ (Kirkuk-Baniyas) എണ്ണ പൈപ്പ്‌ലൈൻ പുനരുജ്ജീവിപ്പിക്കാൻ ഇറാഖ്, സിറിയ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ഔദ്യോഗിക നടപടികൾ ആരംഭിച്ചു. ഇറാൻ്റെ സ്വാധീനവും ഭീഷണിയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ പദ്ധതിയെ പിന്തുണയ്ക്കുന്നത്. പൂർണ്ണ സജ്ജമാകുന്നതോടെ പ്രതിദിനം 1.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഈ പാതയിലൂടെ മെഡിറ്ററേനിയൻ തീരത്തേക്ക് എത്തിക്കാൻ സാധിക്കും.
‘കിർക്കുക്ക്-ബനിയാസ്’ എണ്ണ പൈപ്പ്‌ലൈൻ നിർമ്മിച്ചത് 1952-ലാണ്. ഇറാഖിലെ വടക്കൻ എണ്ണപ്പാടമായ ‘കിർക്കുക്കിൽ’ നിന്ന് മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള സിറിയയിലെ ‘ബനിയാസ്’ തുറമുഖത്തേക്ക് നേരിട്ട് എണ്ണയെത്തിച്ച് യൂറോപ്യൻ വിപണി കീഴടക്കുക എന്നതായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. ഇറാഖും സിറിയയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകൾ കാരണം പലതവണ ഇതിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടു. ഇറാഖ്-ഇറാൻ യുദ്ധത്തിൽ സിറിയ ഇറാഖിനെതിരെ ഇറാനെ പിന്തുണച്ചതോടെ, 1982-ൽ ഇറാഖ് ഈ പൈപ്പ്‌ലൈൻ അടച്ചുപൂട്ടി. പിന്നീട് 2003-ൽ യു.എസ് ഇറാഖ് അധിനിവേശം നടത്തിയ സമയത്ത് തകരുകയും ചെയ്തതോടെയാണ് ഈ പൈപ്പ്‌ലൈൻ പൂർണ്ണമായും അടച്ചുപൂട്ടിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി (ഏകദേശം 25 വർഷം) ഇത് ഉപയോഗശൂന്യമായി കിടക്കുകയാണ്. ഏകദേശം 800 കിലോമീറ്റർ (500 മൈൽ) ദൈർഘ്യമുള്ള ഈ പൈപ്പ്‌ലൈൻ എണ്ണക്കടത്തിന് സജ്ജമാക്കാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിൻ്റെ പുനർനിർമാണച്ചെലവ് ഏകദേശം 4.5 ബില്യൺ ഡോളറിലധികം വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇറാഖിന്റെ പ്രധാന എണ്ണപ്പാടങ്ങളെല്ലാം തെക്കൻ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണ പേർഷ്യൻ ഗൾഫിലെ ബസ്ര ഓയിൽ ടെർമിനൽ, ഖോർ അൽ-അമയ (Khor al-Amaya) തുടങ്ങിയ തുറമുഖങ്ങൾ വഴിയാണ് കപ്പലുകളിലേക്ക് മാറ്റുന്നത്. ഈ തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്ന വലിയ എണ്ണക്കപ്പലുകൾക്ക് അന്താരാഷ്ട്ര സമുദ്രത്തിലേക്ക് കടക്കാൻ ഹോർമുസ് കടലിടുക്ക് മാത്രമാണ് ഏക വഴി. സാധാരണ നിലയിൽ പ്രതിദിനം 3.3 ദശലക്ഷം മുതൽ 3.5 ദശലക്ഷം ബാരൽ വരെ എണ്ണയാണ് ഇറാഖ് ഈ പാതയിലൂടെ മാത്രം കയറ്റി അയച്ചിരുന്നത്.
ഇറാൻ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടുകൂടി ഇറാഖിന്റെ എണ്ണ കയറ്റുമതി വൻതോതിൽ ഇടിയുകയും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുകയാണ്. സൗദി അറേബ്യക്കോ യു.എ.ഇ-യ്ക്കോ ഉള്ളതുപോലെ എണ്ണ വഴിതിരിച്ചുവിടാൻ ഇറാഖിന് നിലവിൽ മറ്റ് വലിയ പൈപ്പ്‌ലൈൻ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ്, അവർ ഇപ്പോൾ അടിയന്തിരമായി ‘കിർക്കുക്ക്-ബനിയാസ്’ പൈപ്പ്‌ലൈൻ പോലുള്ള ബദൽ മാർഗങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത്.
ആഗോള ഊർജ്ജ വിപണിക്ക് മേലുള്ള ഇറാൻ്റെ സ്വാധീനവും ഭീഷണിയും ഇല്ലാതാക്കാൻ ഒരു ബദൽ മാർഗം അമേരിക്കയ്ക്കും ഇപ്പോൾ ആവശ്യമാണ്. സിറിയയുടെ മെഡിറ്ററേനിയൻ തീരത്തേക്ക് പൈപ്പ്‌ലൈൻ എത്തുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കപ്പൽ മാർഗം വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും എണ്ണയെത്തിക്കാൻ ഇറാഖിന് സാധിക്കും. യുദ്ധക്കെടുതികളിൽ നിന്ന് കരകയറുന്ന സിറിയയ്ക്ക് ഈ പൈപ്പ്‌ലൈൻ കടന്നുപോകുന്നതിലൂടെ ട്രാൻസിറ്റ് ഫീസായി പ്രതിവർഷം കോടിക്കണക്കിന് ഡോളർ വരുമാനം ലഭിക്കും. പൈപ്പ്‌ലൈൻ്റെ അവസാന ഭാഗവും എണ്ണക്കപ്പലുകളിൽ നിറയ്ക്കുന്ന ‘ബനിയാസ്’ തുറമുഖവും സിറിയയിലാണ് സ്ഥിതി ചെയ്യുന്നത്.
ഈ പദ്ധതിക്ക് പൂർണ്ണ രാഷ്ട്രീയ-തന്ത്രപരമായ പിന്തുണ നൽകുന്നതും രാജ്യങ്ങൾക്കിടയിൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതും അമേരിക്കയാണ്. പദ്ധതിയുടെ റീ-ബിൽഡിംഗ് ചർച്ചകളിൽ മുൻപന്തിയിലുള്ളത് പ്രമുഖ അമേരിക്കൻ എണ്ണക്കമ്പനിയാണ്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള പ്രമുഖ നിക്ഷേപകരും ഈ പ്രോജക്റ്റിൽ സാമ്പത്തിക-സാങ്കേതിക പങ്കാളികളാകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി വരും ദിവസങ്ങളിൽ യു.എസ് പ്രസിഡൻ്റും ഇറാഖ് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

