ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എം.എം.മണി. ഇടുക്കി കഞ്ഞിക്കുഴിയിൽ വനംവകുപ്പ് റവന്യു ഭൂമി കയ്യേറുന്നു എന്നാരോപിച്ച് കർഷക സംഘം നഗരംപാറ റേഞ്ച് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശം നടത്തിയത്. “മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും” എന്നും ഫോറസ്റ്റുകാർക്ക് വഴിയേ നടക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പരസ്യമായി ഭീഷണി മുഴക്കിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ മര്യാദകേട് കാണിച്ചാൽ നിയമം കയ്യിലെടുത്ത് നേരിടുമെന്നും അത്തരം സാഹചര്യങ്ങളിൽ ‘നിയമം മണ്ണാങ്കട്ട‘ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മണി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണമെന്നും, തങ്ങൾ പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നത് വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷിക്കാർ താമസിക്കുന്നതോ കൃഷി ചെയ്യുന്നതോ ആയ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പിടിച്ചുകയറാൻ വന്നാൽ അവിടെവെച്ച് നേരിടുമെന്നും അവർക്ക് വഴിയേ നടക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും എം.എം. മണി കടുത്ത ഭാഷയിൽ വിമർശിച്ചു. ‘ഉമ്മാക്കി’ കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും, വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് വരാൻ മടിക്കില്ലെന്നും മണി പറഞ്ഞു. വനംമന്ത്രി ഷിബു ബേബി ജോണിന്റെ പിതാവിന് നല്ല പേരുണ്ടെന്നും അതുംവച്ച് ഉമ്മാക്കി കാണിക്കാൻ വരരുതെന്നുമാണ് എം.എം. മണി പറഞ്ഞത്.

