വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായ സർ ഗാർഫീൽഡ് (ഗാരി) സോബേഴ്‌സ് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ സ്വന്തം വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തൻ്റെ 90-ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി അദ്ദേഹം വിടവാങ്ങിയത്.
1936 ൽ ബാർബഡോസിലാണ് ഗാരി സോബേഴ്‌സിന്റെ ജനനം. 16–ാം വയസ്സിലായിരുന്നു സോബേഴ്സിന്റെ ഫസ്റ്റ് ക്ലാസിലെ അരങ്ങേറ്റം. 18-ാം വയസ്സിൽ ജമൈക്കയിലെ സബീന പാർക്കിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. വിൻഡീസിനായി 93 ടെസ്റ്റുകൾ കളിച്ചു. 57.78 ശരാശരിയിൽ 8,032 റൺസും, 235 വിക്കറ്റുകളും നേടി. 1958-ൽ പാക്കിസ്ഥാനെതിരെ അദ്ദേഹം നേടിയ 365* റൺസ് എന്ന സ്കോർ, 36 വർഷക്കാലം ഒരു ടെസ്റ്റ് ഇന്നിംഗ്‌സിലെ ഏറ്റവും ഉയർന്ന സ്കോറായി നിലനിന്നു. 1954 മുതൽ 1974 ഏപ്രിൽ വരെ ടീമിനൊപ്പം തുടർന്ന സോബേഴ്സ് വെസ്റ്റിൻഡീസിനായി 26 സെഞ്ചറികളും 30 അർധ സെഞ്ചറികളും സ്വന്തമാക്കി. 1965 മുതൽ 1972 വരെ വെസ്റ്റ് ഇൻഡീസ് ടീമിനെ നയിച്ചു. 1968-ൽ നോട്ടിംഗ്ഹാംഷെയറിന് വേണ്ടി കളിക്കുമ്പോൾ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിലെ ആറ് പന്തും സിക്സർ പറത്തുന്ന ആദ്യ താരമായി മാറി.
ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1975-ൽ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് ‘സർ’ പദവി (നൈറ്റ്ഹുഡ്) നൽകി ആദരിച്ചു. മികച്ച പുരുഷ ക്രിക്കറ്റർക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്ന പുരസ്കാരത്തിൻ്റെ പേര് ‘സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി’ എന്നാണ്. ഇതിഹാസ താരത്തോടുള്ള ആദര സൂചകമായാണ് 2004 മുതൽ ഈ പേരിൽ പുരസ്കാരം നൽകിത്തുടങ്ങിയത്.

