ഡൽഹി – അമൃത്സർ – കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുടെ (NE-05) ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വെള്ളിയാഴ്ച (ജൂലൈ 17) ഹരിയാനയിലെ ജിന്ദിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയാണ് ഡൽഹി – കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ. പാത പൂർണമായും തുറന്നാൽ ആറുമണിക്കൂർ കൊണ്ട് ഡൽഹിയിൽനിന്ന് കത്രയിൽ എത്താനാകും. നിലവിൽ ഡൽഹിയിൽ നിന്ന് കത്രയിലേക്കുള്ള യാത്രാസമയം 14 മണിക്കൂർ ആണ്.
ആകെ 667 കിലോമീറ്റർ ദൂരമുള്ള ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തത്. ഹരിയാനയിലെ ജിന്ദിലുള്ള പാക്കേജ് 1 മുതൽ 5 വരെയുള്ള 157.92 കിലോമീറ്റർ ദൂരവും പഞ്ചാബിലെ ജലന്ധറിലുള്ള പാക്കേജ് 6-ന്റെ 30.9 കിലോമീറ്റർ ഭാഗവുമാണ് ആദ്യഘട്ടത്തിൽ തുറന്നുകൊടുത്തത്. 38,905 കോടി രൂപയാണ് ഡൽഹി-കത്ര എക്സ്പ്രസ് വേയുടെ ആകെ നിർമ്മാണച്ചെലവ്. ഇതിൽ ആദ്യഘട്ടത്തിന് മാത്രം 9680 കോടി രൂപ ചെലവഴിച്ചു.
ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളെ ഈ പാത പരസ്പരം ബന്ധിപ്പിക്കുന്നു. വ്യവസായ ശാലകൾ, കാർഷിക വിപണികൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതിലൂടെ വടക്കേ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ ഉണർവ് ലഭിക്കും. അമൃത്സറിലെ സുവർണ്ണ ക്ഷേത്രം, കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രം തുടങ്ങിയ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും. നിലവിൽ എട്ടുമണിക്കൂർ സമയമെടുക്കുന്ന ഡൽഹി-അമൃത്സർ യാത്രയ്ക്ക് പാത തുറക്കുന്നതോടെ നാലുമണിക്കൂർ മാത്രം മതിയാകും.
ഹരിയാനയിലെ ജിന്തിൽ നടന്ന ചടങ്ങിൽ ഡൽഹി – അമൃത്സർ – കത്ര എക്സ്പ്രസ് വേയ്‌ക്കൊപ്പം അംബാല-കാലാ അംബ് ഹൈവേയും ജിന്ദ് – ഗൊഹാന ഗ്രീൻഫീൽഡ് ഹൈവേയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 40.60 കിലോമീറ്റർ ഉള്ള ജിന്ദ്-ഗൊഹാന ഗ്രീൻഫീൽഡ് ഹൈവേ (NH-352A) ജിന്തിൽ നിന്ന് ഗൊഹാനയിലേക്കുള്ള യാത്രാസമയം 2 മണിക്കൂറിൽ നിന്ന് വെറും 40 മിനിറ്റായി കുറയും.
33.81 കിലോമീറ്റർ നീളമുള്ള അംബാല-കാലാ അംബ് ഹൈവേ (NH-7 & NH-344) ഹരിയാനയും ഹിമാചൽ പ്രദേശും തമ്മിലുള്ള റോഡ് ബന്ധം കൂടുതൽ ശക്തമാക്കും. അംബാല നഗരത്തെയും കാലാ അംബ് വ്യവസായ മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ വ്യവസായങ്ങളുടെ ലോജിസ്റ്റിക്സ് ചെലവ് കുറയും. മലയോര മേഖലകളിലേക്കുള്ള വിനോദസഞ്ചാര യാത്രയും സുഗമമാകും. ഏകദേശം 1,200 കോടി രൂപയാണ് ഇതിന്റെ നിർമ്മാണച്ചെലവ്. ഇതോടൊപ്പം ഹരിയാനയിലെ കുരുക്ഷേത്രയിൽ നിർമിച്ച എലിവേറ്റഡ് റെയിൽവേ ട്രാക്കും, ഹാൻസി-ബർവാല ഹൈവേ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിച്ചിട്ടുണ്ട്

