Saturday, July 18, 2026
Home » 2027 ചരിത്രത്തിലെ ഏറ്റവും ഉഷ്ണമേറിയ വർഷമായേക്കും എന്ന് കാലാവസ്ഥാ വിദഗ്ധർ

2027 ചരിത്രത്തിലെ ഏറ്റവും ഉഷ്ണമേറിയ വർഷമായേക്കും എന്ന് കാലാവസ്ഥാ വിദഗ്ധർ

by Editor

കാൻബറ: 2027-ാം വർഷം ഭൂമിയിലെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തുന്ന വർഷമായി മാറാൻ വലിയ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടനയും (WMO) ആഗോള കാലാവസ്ഥാ വിദഗ്ധരും ശക്തമായ മുന്നറിയിപ്പ് നൽകുന്നു. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന അതീവ ശക്തമായ എൽ നിനോ പ്രതിഭാസമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ 150 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽ നിനോ ആയിരിക്കും ഇതെന്നാണ് ഓസ്‌ട്രേലിയൻ കാലാവസ്ഥാ ബ്യൂറോ (BoM) ഉൾപ്പെടെയുള്ള ഏജൻസികൾ വിലയിരുത്തുന്നത്. ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ബ്യൂറോ ഓഫ് മെറ്റിയറോളജികഴിഞ്ഞ മാസം എൽ നിനോയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

എൽ നിനോ പ്രതിഭാസം അതിന്റെ പരമാവധി തീവ്രതയിലെത്തി മൂന്ന് മുതൽ അഞ്ച് മാസം കഴിഞ്ഞാണ് അന്തരീക്ഷ താപനില പൂർണ്ണമായി ഉയരുക. അതുകൊണ്ട് തന്നെ സമുദ്രത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന ഈ അധിക ചൂട് ഭൂമിയെ വരിഞ്ഞുമുറുക്കുന്നത് 2027-ലായിരിക്കും. പാരീസ് കാലാവസ്ഥാ കരാർ പ്രകാരം ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിർത്താനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. എന്നാൽ 2027-ൽ താപനില വ്യതിയാനം 1.7°C മുതൽ 2.1°C വരെ ഉയർന്നേക്കാമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ എൽ നിനോ വലിയ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കിഴക്കൻ ഓസ്ട്രേലിയയിൽ കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടാൻ ഇത് കാരണമാകും. ലോക കാലാവസ്ഥാ സംഘടനയുടെ കണക്കുകൾ പ്രകാരം 2025, 2026 വർഷങ്ങളിൽ തെക്കുപടിഞ്ഞാറൻ പസഫിക് മേഖലയിൽ റെക്കോർഡ് താപനില റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന വർഷങ്ങളിൽ ആഗോളതാപനം നിയന്ത്രണാതീതമായി ഉയരുമെന്ന ആശങ്കയാണ് ശാസ്ത്രലോകം പങ്കുവെക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!