Saturday, July 18, 2026
Home » ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു.
ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു.

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു.

by Editor

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ചരിത്രനേട്ടം. റൂട്ട് എയ്റോസ്പേസിൻ്റെ വിക്രം -1 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി. രാജ്യത്തെ ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റിൻ്റെ വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ നിന്ന് ഉച്ചയ്ക്കു 12.05-നു കുതിച്ചുയർന്ന വിക്രം, 16 മിനിറ്റിൽ 452 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തി.

ശനിയാഴ്ച‌ രാവിലെ 11.30-നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ദൗത്യ നിയന്ത്രണ കേന്ദ്രം ‘പ്ലാൻഡ് ഹോൾഡ്’ പ്രഖ്യാപിച്ചതിനെ തുടർന്ന് വിക്ഷേപണം താത്കാലികമായി മാറ്റിവച്ചു. പിന്നീട് ഉച്ചയ്ക്ക് 12.05-ന് റോക്കറ്റ് കുതിച്ചുയർന്നു. 12.21-ഓടെ ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിലെത്തിയതായി സ്ഥിരീകരിച്ചതോടെ ദൗത്യം വിജയകരമാണെന്ന് അധികൃതർ പ്രഖ്യാപിച്ചു. ദൗത്യം വിജയിച്ചെന്നു ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ഇൻസ്പേസിൻ്റെ ചെയർമാൻ ഡോ. പവൻ കുമാർ ഗോയങ്ക 12.25നു അറിയിച്ചു. വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽ വച്ചു പവൻ കുമാർ ഗോയങ്കയുടെ ഫോണിൽ വിളിച്ചു റൂട്ട് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 8 മിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു. വിക്ഷേപണത്തിനു സാക്ഷിയാകാൻ ഐഎസ്ആർഒ ചെയർമാൻ വി.നാരായണൻ, മുൻ ചെയർമാൻമാരായ ഡോ. എസ്. സോമനാഥ്, ഡോ. കെ.രാധാകൃഷ്ണണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല എന്നിവർ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെത്തിയിരുന്നു.

ഈ ദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയിൽ ‘വന്ദേമാതരം’ എന്ന് എഴുതിയ പ്രത്യേക പോസ്റ്റ്കാർഡ് ‘വിക്രം-1 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നുണ്ട്. സാങ്കേതിക പരീക്ഷണങ്ങൾക്കായി ഗ്രാഹ സ്പേസ്, കോസ്മോസെർവ്, ഡിക്യൂബ്‌ഡ്, റൂട്ടിൻ്റെ സ്വന്തം ‘സ്കോപ്’ (SCOPE) പേലോഡ് എന്നിവയും ‘കോസ്‌മിക്‌ ബ്ലൂം’ എന്ന കലാസൃഷ്ടിയും സർ സി.വി. രാമൻ, ഡോ. വിക്രം സാരാഭായി, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്‌മ ശിൽപ്പങ്ങളും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് റൂട്ട് എയ്റോസ്പേസസ്. ‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കുള്ള ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ഔദ്യോഗിക പ്രവേശനം കൂടിയാണ്. ഏഴ് നില കെട്ടിടത്തിൻ്റെ ഉയരമുള്ള, നാല് ഘട്ടങ്ങളുള്ള വിക്രം-1 പൂർണമായും കാർബൺ കോംപോസിറ്റ് ഘടനയിലാണ് നിർമ്മിച്ചിരിക്കുന്നത്. ത്രിമാന (3D) പ്രിൻ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച എൻജിനുകളും ഉയർന്ന ശേഷിയുള്ള സോളിഡ് ഫ്യൂവൽ ബൂസ്റ്ററുകളും ഉൾപ്പെടെ എല്ലാ പ്രധാന പ്രൊപ്പൽഷൻ സംവിധാനങ്ങളും റൂട്ട് തന്നെ വികസിപ്പിച്ചതാണ്. ഭൂമിയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലേക്ക് 350 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ എത്തിക്കാനാണ് വിക്രം-1 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

Send your news and Advertisements

You may also like

error: Content is protected !!