Saturday, July 19, 2025
Mantis Partners Sydney
Home » പ്രണയദിനത്തിൽ കുറിപ്പുമായി പ്രതിപക്ഷ നേതാവ്
പ്രണയദിനത്തിൽ കുറിപ്പുമായി പ്രതിപക്ഷ നേതാവ്

പ്രണയദിനത്തിൽ കുറിപ്പുമായി പ്രതിപക്ഷ നേതാവ്

by Editor

പ്രണയദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രണയം നിരസിച്ചതിന്റെ പേരിലുള്ള കൊലപാതകങ്ങളെ അപലപിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്.

കുറിപ്പിന്റെ പൂർണരൂപം

നേരത്തെയും പറഞ്ഞതാണ് ഇപ്പോഴും പ്രസക്തമെന്ന് തോന്നുന്നത് കൊണ്ട് ഒരിക്കൽ കൂടി പറയുന്നു.

ദുരഭിമാന കൊല എത്രയോ വട്ടം നമ്മൾ കേട്ടതാണ്, കണ്ടതാണ്. അത് പോലെ തന്നെ പ്രണയം നിരസിച്ചതിൻ്റെ പേരിലുള്ള ആക്രമണം. അവിടെ എവിടെയെങ്കിലും പ്രണയമോ സ്നേഹമോ ഉണ്ടോ? ഒന്ന് ആലോചിച്ച് നോക്കൂ.

എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്ര്യമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്ര്യവും മറ്റേയാൾക്കും ഉണ്ടെന്ന് തിരിച്ചറിയുക. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ ഒരാളെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചിരുന്നുവെങ്കിൽ അതേ ആളുടെ പ്രാണൻ എടുക്കാനോ അപകടപ്പെടുത്താനോ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്?

ഒരാൾക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട കുട്ടികളെ നിങ്ങളത് തിരിച്ചറിയണം. ഞാൻ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല.

പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളിൽ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്കരണങ്ങൾ ഉണ്ടാകാം. അത് ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തർ.

ഏത് പ്രായത്തിലായാലും, പ്രണയിക്കുന്നവരും പ്രണയിക്കാനിരിക്കുന്നവരും പ്രണയിച്ച് കഴിഞ്ഞവരും ഒന്നോർക്കുക. പ്രണയത്തിനും ഒരു രാഷ്ട്രീയമുണ്ട്. അത് തുല്യതയുടേതാണ്, പരസ്പര ബഹുമാനത്തിൻ്റേതാണ്. കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. അത് പരസ്പരം അംഗീകരിക്കുകയും തിരുത്തപ്പെടുകയും ചെയ്യുന്നതും പ്രണയത്തിൻ്റെ രാഷ്ട്രീയമാണ്. അങ്ങനെ ഊഷ്മളമാകട്ടെ ഓരോ പ്രണയവും

വി.ഡി. സതീശൻ

Send your news and Advertisements

You may also like

error: Content is protected !!