കാർഷിക അഭിവൃദ്ധിക്കൊപ്പം ജീവിതത്തിൽ നന്മയും ഉയർച്ചയും വിളവെടുക്കുമെന്ന പ്രതീക്ഷയോടെ പൊങ്കൽ ആഘോഷത്തിലേക്ക് തമിഴകം. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളും തോട്ടം മേഖലയും പൊങ്കല്‍ ആഘോഷ നിറവില്‍. തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലാണ് പൊങ്കല്‍ ആഘോഷം നടക്കുന്നത്. ഇന്ന് ബോഗി പൊങ്കൽ ആഘോഷിക്കും. നാളെയാണു തൈപ്പൊങ്കൽ, 15-ന് മാട്ടുപ്പൊങ്കൽ, 16-ന് കാണുംപൊങ്കൽ എന്നിങ്ങനെയായി ആഘോഷം നീളും. ഇത്തവണ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പൊങ്കലിനോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ ഒരാഴ്ചയോളം അവധിയുണ്ട്.
തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ (ജനുവരി 14) പ്രാദേശിക അവധിയാണ്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ ആയതുകൊണ്ടാണ് ഈ ജില്ലകൾക്ക് മാത്രം അവധി നൽകിയിരിക്കുന്നത്. ശബരിമലയിലെ മകരവിളക്ക്, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ആചാരമായ പൊങ്കലിന് നാല് ദിവസങ്ങളിലായാണ് ആഘോഷം. തമിഴ് മാസമായ മാര്‍ഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി വരെയാണ് പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത ചടങ്ങുകളും വിശ്വാസ രീതികളുമാണ് ഉള്ളത്. വീടുകള്‍ വൃത്തിയാക്കി അലങ്കരിച്ചും പ്രധാന വാതിലില്‍ കാപ്പുകെട്ടി കോലങ്ങള്‍ വരച്ചുമാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.
പൊങ്കൽ ആഘോഷം ആവശോജ്വലമാക്കാൻ മധുരയിലെ ജല്ലിക്കെട്ട് മത്സരങ്ങൾക്കു നാളെ തുടക്കമാകും. സംസ്ഥാനത്തു ജല്ലിക്കെട്ട് കഴിഞ്ഞയാഴ്ച ആരംഭിച്ചെങ്കിലും ലോകപ്രശസ്തമായ മധുരയിലെ മത്സരങ്ങളാണ് അടുത്ത 3 ദിവസങ്ങളിൽ നടക്കുക. നാളെ അവനിയാപുരത്ത് നടക്കുന്ന ജല്ലിക്കെട്ടോടെ തുടക്കമാകും. 15-ന് പാലമേടും 16-ന് അലങ്കാനല്ലൂരിലും ജല്ലിക്കെട്ട് അരങ്ങേറും.