കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താന്‍ ഉള്‍പ്പടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികൾ അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നാണ് കുടുംബം പ്രധാനമായും ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വാദം.