ദുബൈയിൽ വാഹന ഉടമസ്ഥാവകാശത്തിനും രജിസ്‌ട്രേഷനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂഇ സൂചന നൽകി. ദുബൈയിൽ വാഹനപ്പെരുപ്പം എട്ട് ശതമാനത്തിലധികം ആയിരിക്കുമ്പോൾ ആഗോളതലത്തിൽ ശരാശരി രണ്ട് ശതമാനമാണ്. ഈ കുതിച്ചുചാട്ടം അസാധാരണമാണെന്ന് മന്ത്രി വ്യക്തമാക്കി. നഗരത്തിലെ ഗതാഗത തടസ്സം നിയന്ത്രിക്കാൻ വാഹന ഉടമസ്ഥാവകാശവും ലൈസൻസിംഗും പുനർനിർവചിക്കേണ്ടതുണ്ട്. ഈ വിഷയത്തെക്കുറിച്ച് യു.എ.ഇ സർക്കാരിന്റെ വാർഷിക യോഗങ്ങളിൽ ചർച്ച ചെയ്തിരുന്നു.
വ്യക്തിഗത വാഹനങ്ങൾ നിയന്ത്രിച്ച് പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി മന്ത്രിസഭക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ദുബൈയെ മറ്റു എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന റോഡ് ഇടനാഴികൾ മെച്ചപ്പെടുത്തൽ, പുതിയ റോഡുകളുടെ വികസനം, പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികമാക്കൽ, പുതിയ ഗതാഗത രീതികൾ അവതരിപ്പിക്കൽ തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള നടപടികളെക്കുറിച്ച് എഫ്.എൻ.സി അംഗം അദ്നാൻ അൽ ഹമ്മാദി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൽ മസ്റൂഇ.
ദുബൈയിൽ ദിവസവും 12 ലക്ഷം പുതിയ വാഹനങ്ങൾ പ്രവേശിക്കുന്നു. ആറ് മാസത്തിനകം ഇത് 850,000 വർദ്ധിച്ചു. ദുബൈ ട്രാഫിക് ആൻഡ് ലൈസൻസിംഗ് വകുപ്പിൽ മാത്രം പ്രതിദിനം 4,000 ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നു. ദുബൈയുടെ റോഡ് പദ്ധതി പുതുക്കി എഴുതാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ പുറത്ത് വിട്ടിട്ടുള്ള റിപ്പോർട്ടുകൾ .