ന്യൂഡൽഹി: ഇന്ത്യയിലെ ദീർഘദൂര റെയിൽ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി റെയിൽവേ. ഈ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലത്തിനിടയിൽ ഒൻപത് സ്ലീപ്പർ കോച്ച് ട്രെയിനുകളാണ് ട്രാക്കിലിറങ്ങുന്നത്.
16 റേക്കുകളുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണഓട്ടം മുംബൈ – അഹമ്മദാബാദ് റൂട്ടിൽ നടന്നതിന് പിന്നാലെയാണ് നിർണായക തീരുമാനത്തിലേക്ക് റെയിൽവേ എത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ ഒൻപത് പ്രീമിയം ട്രെയിനുകൾ നിർമിക്കാനുള്ള ഓർഡർ നൽകിയതായാണ് റിപ്പോർട്ട്. ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 16 കാറുകളുള്ള ഈ ട്രെയിനുകൾ നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനുപുറമെ, 24 കാറുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണവും ഇന്ത്യൻ റെയിൽവേ തിരക്കുന്നുണ്ട് .
ജനുവരി 15-നാണ് പരീക്ഷണ ഓട്ടം നടത്തിയത്. മൂന്ന് ദിവസങ്ങളിലായി 30 മുതൽ 40 കിലോമീറ്റർ വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇതിൽ ചില ഭാഗത്ത് 180 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിയിരുന്നു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി മാത്രമാണ് ഇനി വേണ്ടത്. സുരക്ഷാ കമ്മീഷ്ണർ ട്രെയിനിന്റെ പരമാവധി വേഗം വിലയിരുത്തുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനാണ് ഈ വിപുലമായ പരീക്ഷണങ്ങൾ നടത്തിയത്.
കഴിഞ്ഞ വർഷം ഡിസംബർ 17-ന്, 24 കാറുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകൾക്ക് 50 റേക്കുകളും ട്രെയിൻ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനമായ പ്രൊപ്പൽഷൻ ഇലക്ട്രിക്കുകളും ഓർഡർ ചെയ്തിരുന്നു. രണ്ട് വർഷത്തിനുള്ളിൽ യഥാക്രമം 33 റേക്കുകൾക്കും 17 റേക്കുകൾക്കും പ്രൊപ്പൽഷൻ സംവിധാനങ്ങൾ വിതരണം ചെയ്യുമെന്ന് അവർ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള മേധ, ആൽസ്റ്റോം എന്നീ രണ്ട് കമ്പനികൾക്കാണ് ഓർഡർ ലഭിച്ചത്. അതേസമയം, 24 കാറുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പൂർണ്ണ തോതിലുള്ള ഉത്പാദനം 2026-27 ൽ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയർ, എസി 3 ടയർ എന്നിങ്ങനെയാണ് യാത്രാസൗകര്യം ഉണ്ടായിരിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം 1,128 യാത്രക്കാരെ ഈ ട്രെയിനിൽ വഹിക്കാൻ കഴിയും.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന തരത്തിലാണ് ഓരോ ട്രെയിനും രൂപകൽപന ചെയ്തിരിക്കുന്നത്. ക്രാഷ് ബഫറുകൾ, ഡിഫോർമേഷൻ ട്യൂബുകൾ, ഫയർ ബാരിയർ വാൾ, ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളാണ് സജ്ജീകരിച്ചിട്ടുണ്ട്. അതിന് പുറമെ, കുഷ്യനുകളോടുകൂടിയ ബർത്ത് വൈഫൈ എയർക്രാഫ്രറ്റിനോട് സമാനമായ ഡിസൈൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. നിലവിൽ 136 വന്ദേ ഭാരത് ചെയർകാറുകൾ രാജ്യത്തൊട്ടാകെ റെയിൽ പാതയിലൂടെ സഞ്ചരിക്കുന്നുണ്ട്.