ചെന്നൈയിലെ ഗതാഗത സംവിധാനത്തെ കൂടുതൽ ദൃഢമാക്കാനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സേവനം വിപുലീകരിക്കാനുമായി ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട പദ്ധതികൾക്ക് തമിഴ്‌നാട് സർക്കാർ വലിയ പ്രാധാന്യം നൽകുകയാണ്. സംസ്ഥാന ബജറ്റിൽ മെട്രോ റെയിൽ പദ്ധതികൾക്ക് നിർണായക സ്ഥാനം നൽകിയിരിക്കുന്നതായും ഇതിനായി തീരുമാനിച്ച പദ്ധതികൾക്കായി കേന്ദ്ര സർക്കാരിന്റെ നിക്ഷേപം (ഇക്വിറ്റി) ഉറപ്പാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ടുകൾ (DPR) സമർപ്പിക്കുമെന്നും ധനമന്ത്രി തങ്കം തെന്നരസു അറിയിച്ചു.
ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം ആകെ 63,246 കോടി രൂപയുടെ ചെലവിലാണ് നിർമിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പൂനമല്ലി – പോരൂർ റെയിൽ പാത ഈ വർഷം ഡിസംബറിൽ തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 15.46 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ വിമാനത്താവളം – കിളമ്പാക്കം മെട്രോ ലൈൻ 9,335 കോടി രൂപയുടെ ചെലവിൽ നിർമിക്കും. അതേസമയം, കോയമ്പേട് – ആവഡി വഴി പട്ടാഭിരം വരെയുള്ള 21.76 കിലോമീറ്റർ ദൈർഘ്യമുള്ള പാതക്കായി 9,744 കോടി രൂപ ചെലവിനാണ് പദ്ധതി തയ്യാറാക്കിയത്.
വലിയ തിരക്കുള്ള പൂനമല്ലി മുതൽ സുങ്കുവാർഛത്രം വഴി ശ്രീപെരുമ്പത്തൂർ വരെയുള്ള 27.9 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയിൽ പദ്ധതിക്ക് 8,779 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ട് . ഡൽഹി – മീററ്റ് സെമി ഹൈ-സ്പീഡ് റെയിൽ മാതൃകയിൽ ചെന്നൈ മെട്രോയ്ക്ക് കൂടുതൽ സാധ്യതാ പഠനങ്ങൾ നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ചെന്നൈ – ചെങ്കൽപ്പട്ട് – ടിണ്ടിവനം – വില്ലുപുരം, ചെന്നൈ – കാഞ്ചീപുരം – വെല്ലൂർ, കോയമ്പത്തൂർ – തിരുപ്പൂർ – ഈറോഡ് – സേലം എന്നീ ഹൈ-സ്പീഡ് റെയിൽ പാതകൾക്ക് കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നത്.
കോയമ്പത്തൂരിലെ അവിനാശി റോഡ് – സത്യമംഗലം റോഡ് മെട്രോ റെയിൽ പാതക്ക് 10,740 കോടി രൂപയും മധുരയിലെ തിരുമംഗലം – ഒതക്കടൈ മെട്രോ റെയിൽ പാതക്ക് 11,368 കോടി രൂപയുമാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി റിപ്പോർട്ടുകൾ ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. അംഗീകാരം ലഭിച്ചാലുടൻ ഈ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം.