ഇന്ത്യയിൽ 14 സംസ്ഥാനങ്ങളിലെ 48 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കർണാടകയിൽ കോൺഗ്രസും ബംഗാളിൽ തൃണമൂലും തൂത്തുവാരിയപ്പോൾ മറ്റിടത്തെല്ലാം ബിജെപിയുടെയും ഘടകകക്ഷികളുടെയും തേരോട്ടമായിരുന്നു. യുപിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളിൽ 6 ഇടത്ത് ബിജെപിയും ഒന്നിൽ ഘടകക്ഷിയായ ആൽഎൽഡിയും വിജയിച്ചു. 2 ഇടത്ത് മാത്രമാണ് സമാജ്‌വാദി പാർട്ടി വിജയിച്ചത്. ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 6 മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസ് തൂത്തുവാരി. സിക്കിമിൽ എൻഡിഎ ഘടകകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിലെ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിലും ബിജെപി വിജയിച്ചു. രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 7 സീറ്റുകളിൽ 5 ഇടത്തും ബിജെപി വിജയിച്ചു. ഇവിടെ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ഒരു സീറ്റിൽ ഭാരത് ആദിവാസി പാർട്ടിയും വിജയിച്ചു. പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളിൽ 3 ഇടത്തും ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ ജയിച്ചു. ഇവിടെയും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിച്ചത്.
പഞ്ചാബിൽ ബിജെപിക്ക് വിജയിക്കാനായില്ല. മേഘാലയയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ എൻഡിഎ വിട്ട എൻപിപി വിജയിച്ചു. മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ ബിജെപിയും മറ്റൊന്നിൽ കോൺഗ്രസും വിജയിച്ചു. കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളും കോൺഗ്രസ് ജയിച്ചു. ഗുജറാത്തിലെയും ഛത്തീസ്ഗഡിലെയും ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളിലും ബിജെപി വിജയിച്ചു. അസമിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും എൻഡിഎ യ്ക്ക് ലഭിച്ചു. 3 ഇടത്ത് ബിജെപിയും 2 ഇടത്ത് എൻഡിഎ ഘടകകക്ഷികളുമാണ് വിജയിച്ചത്. ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളും എൻഡിഎ തൂത്തുവാരി. 2 ഇടത്ത് ബിജെപിയും ഒരു സീറ്റിൽ ജെഡിയുവുമാണ് വിജയിച്ചത്.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് എക്കാലത്തെയും ചരിത്ര വിജയം സമ്മാനിച്ച ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പല സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ന് വന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ബിജെപിക്ക് ശക്തമായ പിന്തുണ നൽകി. അസമിലെ ജനങ്ങൾ വീണ്ടും ബിജെപിയിൽ വിശ്വാസമർപ്പിച്ചു. മദ്ധ്യപ്രദേശിലും വിജയം ലഭിച്ചു, ബിഹാറിൽ എൻഡിഎയ്‌ക്കുള്ള പിന്തുണ വർദ്ധിച്ചു. രാജ്യം ഇപ്പോൾ വികസനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നതിന്റെ ഉത്തരമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.